
തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിലെ വാടകക്വാട്ടേഴ്സിൽ കണ്ടെത്തിയ പാതി കത്തിയ മൃതദേഹം പൊലീസ് തിരിച്ചറിഞ്ഞു. തമിഴ്നാട് സ്വദേശിയായ ശിവയാണ് (34)കൊല്ലപ്പെട്ടത്. ശിവയുടെ ശരീരത്തിലുണ്ടായിരുന്ന പച്ച കുത്തിയ പാടാണ് അന്വേഷണത്തിൽ നിർണായകമായത്. ശിവയുടെ ഭാര്യയുടെ പേരാണ് നെഞ്ചിൽ പച്ച കുത്തിയിരുന്നത്. ഈ തെളിവ് പിന്തുടർന്ന് കുടുംബത്തെ കണ്ടെത്തിയതോടെയാണ് മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞത്. പെരുമ്പിലാവ് ആൽത്തറയിലെ വാടകവീട്ടിലാണ് ശിവ താമസിച്ചിരുന്നത്.
ശനിയാഴ്ച വൈകിട്ടാണ് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ പാതികത്തിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതി സണ്ണിയെ (61) പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് വിസമ്മതിച്ചതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. എന്നാൽ കൊലപ്പെടുത്തിയത് ആരെയാണെന്ന് അറിയില്ലെന്നായിരുന്നു സണ്ണിയുടെ മൊഴി.
കുന്നംകുളം ബിവറേജ് പരിസരത്ത് വച്ച് പരിചയപ്പെട്ട ശിവയെ മദ്യം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് സണ്ണി ചൊവ്വന്നൂരിലെ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. ഇരുവരും ചേർന്ന് ആഹാരം പാകം ചെയ്ത് കഴിക്കാനും തീരുമാനിച്ചിരുന്നു. അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് ശിവയെ ലൈംഗികമായി ഉപദ്രവിക്കാൻ സണ്ണി ശ്രമിച്ചത്. വഴങ്ങാതെ വന്നപ്പോഴുണ്ടായ തർക്കത്തിൽ കത്തികൊണ്ട് കുത്തിയും ഫ്രൈ ചെയ്യാനുപയോഗിക്കുന്ന പാൻ കൊണ്ട് തലയ്ക്ക് അടിച്ചുമാണ് കൊലപാതകം നടത്തിയത്. ഒരു രാത്രി മുഴുവൻ മൃതദേഹത്തിന് ഒപ്പം പ്രതി മുറിയിൽ ഉണ്ടായിരുന്നു. പിറ്റേ ദിവസം രാവിലെ മുറിയിലെ സാധനങ്ങൾ കൂട്ടിയിട്ട് മൃതദേഹം കത്തിച്ചശേഷം കടന്നുകളയുകയായിരുന്നു. കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് വാതിൽ തകർത്ത് അകത്തുകയറിയ നാട്ടുകാരാണ് പാതി കത്തിയ നിലയിൽ മൃതദേഹം ആദ്യം കണ്ടത്.
അറസ്റ്റിലായ സണ്ണി നേരത്തെ രണ്ട് കൊലപാതകങ്ങളിൽ പ്രതിയാണ്. ബന്ധുവായ സ്ത്രീയും ഒരു അന്യസംസ്ഥാന തൊഴിലാളിയുമാണ് മുൻപ് കൊല്ലപ്പെട്ടത്. ഇതിൽ ഒരു കേസിൽ ഏഴ് വർഷം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഇയാൾ തൃശൂരിലെ ഒരു തുണിക്കടയിൽ സെക്യൂരിറ്റിയായി ജോലിചെയ്യുകയായിരുന്നു.