
ഇന്ന് ഫ്രിഡ്ജ് ഇല്ലാത്ത വീട് വളരെ ചുരുക്കമായിരിക്കും. ഫ്രിഡ്ജ് വന്നതോടെ അടുക്കളയിൽ ചെലവഴിക്കേണ്ട സമയം കുറഞ്ഞുകിട്ടിയെന്നാണ് പലരും പറയാറ്. ചോറും കറികളുമൊക്കെ രണ്ടുമൂന്ന് ദിവസത്തേക്ക് വച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ച്, ആവശ്യാനുസരണം ചൂടാക്കി കഴിക്കുന്നവരും നിരവധിയുണ്ട്.
എന്നാൽ ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതര രോഗങ്ങൾ പിന്നാലെ വരും. ഭക്ഷണം ഒരിക്കലും പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കരുത്. ഗ്ലാസ് പാത്രങ്ങളിലോ അല്ലെങ്കിൽ ബിപിഎ രഹിത പാത്രങ്ങളിലോ (പുനരുപയോഗിക്കാൻ പറ്റുന്ന പാത്രം) വേണം ഭക്ഷണം സൂക്ഷിക്കാൻ. പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കുമ്പോൾ താപനിലയിലുണ്ടാകുന്ന മാറ്റങ്ങൾ ഗുരുതരമായ അസുഖങ്ങൾക്ക് കാരണമായേക്കാം.
ചോറ് ഫ്രിഡ്ജിൽ സൂക്ഷിച്ച് ചൂടാക്കി കഴിക്കുന്നത് അരോഗ്യത്തിന് ഹാനികരമാണ്. ഇങ്ങനെയൊരിക്കലും ചെയ്യരുത്. ക്യാൻസർ അടക്കമുള്ള രോഗങ്ങൾക്ക് സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതുപോലെത്തന്നെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത ചില സാധനങ്ങളുമുണ്ട്.
തേൻ ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. ഇത് കട്ടയാകുകയും അതുവഴി സ്വാഭാവിക ഗുണം നഷ്ടമാകുകയും ചെയ്യും. വെളുത്തുള്ളിയും ഇഞ്ചിയും ഫ്രിഡ്ജിൽവച്ചാൽ പൂപ്പൽ പിടിക്കാൻ സാദ്ധ്യതയുണ്ട്. പഴം ഫ്രിഡ്ജിൽവച്ചാൽ അതിന്റെ തൊലി പെട്ടെന്ന് കറുത്തുപോകും.
ആഹാര സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലമാണ്. അതിനാൽത്തന്നെ ഫ്രിഡ്ജ് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇളം ചൂടുവെള്ളവും വിനാഗിരിയും ചേർത്ത് സ്‌പ്രേ ചെയ്ത് കൊടുക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ ഈ വെള്ളത്തിൽ തുണി മുക്കി ഫ്രിഡ്ജിൽ തുടച്ചുകൊടുക്കുക. അതുവഴി അണുക്കളെ അകറ്റാം.