john

സ്റ്റോക്കോം: ഈ വർഷത്തെ ഭൗതികശാസ്‌ത്ര നോബൽ പ്രഖ്യാപിച്ചു. ജോൺ ക്ലാർക്ക്, മിഷേൽ എച്ച് ഡെവോറെക്ക്, ജോൺ എം മാർട്ടീനിസ് എന്നിവർക്കാണ് പുരസ്‌കാരം. ക്വാണ്ടം മെക്കാനിക്‌സിലാണ് ഇവരുടെ ഗവേഷണം. ഒരു ഇലക്‌ട്രിക് സർക്യൂട്ടിൽ സ്ഥൂലമായ ക്വാണ്ടം മെക്കാനിക്കൽ ടണലിംഗും ഊർജ ക്വാണ്ടൈസേഷനും കണ്ടെത്തിയതിനാണ് പുരസ്‌കാരം. മൂന്നുപേരും യുഎസിലുള്ളവരാണ്.

റോയൽ സ്വീഡിഷ് അക്കാദമി ഒഫ് സയൻസസാണ് ഭൗതികശാസ്‌ത്രത്തിനുള്ള നോബൽ സമ്മാനം നൽകുന്നത്. 11 ദശലക്ഷം സ്വീഡിഷ് ക്രോണ ( പത്ത് കോടിയിലധികം രൂപ) അടങ്ങുന്നതാണ് സമ്മാനത്തുക. ഒന്നിലധികപേരുണ്ടെങ്കിൽ ഈ തുക വീതിച്ച് നൽകുകയാണ് സാധാരണയായി ചെയ്യാറുള്ളത്.

ഇന്നലെ വൈദ്യശാസ്ത്ര നോബൽ പുരസ്കാരം പ്രഖ്യാപിച്ചിരുന്നു. മേരി ഇ. ബ്രോങ്കോ (യു.എസ്), ഫ്രെഡ് റാംസ്‌ഡെൽ (യു.എസ്), ഷിമോൺ സകാഗുചി (ജപ്പാൻ) എന്നിവരാണ് സമ്മാനത്തിനർഹരായത്. മനുഷ്യശരീരത്തിലെ രോഗപ്രതിരോധ സംവിധാനം എങ്ങനെ ഫലപ്രദമായി പ്രവർത്തിക്കുന്നു എന്നതിനെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ഗവേഷണം. ശരീരത്തിലെ സ്വന്തം കലകൾക്ക് ഹാനികരമാവാത്തവിധം പുറമേനിന്നുള്ള രോഗാണുക്കളെമാത്രം നിർമാർജ്ജനം ചെയ്യുന്ന പെരിഫെറൽ ഇമ്മ്യൂൺ ടോളറൻസ് പ്രക്രിയയാണ് ഇതിന് ആധാരമെന്ന് കണ്ടെത്തി.

രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം, എന്തുകൊണ്ടാണ് നമുക്ക് ഗുരുതരമായ ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ ഉണ്ടാകാത്തത് എന്നിവ മനസിലാക്കാൻ കഴിഞ്ഞു ക്യാൻസർ, ഓട്ടോഇമ്മ്യൂൺ രോഗ ചികിത്സയിലേക്ക് പുതിയ വഴി തുറന്നു.