ss

ലവ് ഇൻഷ്വറൻസ് കമ്പനി ഡിസം. 18ലേക്ക്

പ്രദീപ് രംഗനാഥൻ നായകനായി എത്തുന്ന ലവ് ഇൻഷ്വറൻസ് കമ്പനി (എൽഐകെ) ഡിസംബർ 18 ലേക്ക് റിലീസ് മാറ്റി.

പ്രദീപ് നായകനായ ഡ്യൂഡിനൊപ്പം ഒക്ടോബർ 17ന് ദീപാവലി റിലീസായി ലവ് ഇൻഷ്വറൻസ് കമ്പനിയും ഉണ്ടാകുമെന്ന ചർച്ചകൾ സജീവമായിരുന്നു. ഇൗ സാഹചര്യത്തിൽ എൽഐകെയുടെ റിലീസ് മാറ്റിയതായി നിർമ്മാതാക്കളായ റൗഡി പിക്ചേഴ്സ് സമൂഹമാധ്യമത്തിൽ അറിയിച്ചു. ഒരു ട്രാക്കിൽ രണ്ട് ട്രെയിൻ വന്നാൽ കൂട്ടിയിടിക്കും. ആരെയും സഹായിക്കില്ല. ഞങ്ങളുടെ നായകൻ പ്രദീപ് രംഗനാഥന്റെ രണ്ട് സിനിമകൾക്ക് വേണ്ടിയുള്ള കഷ്ടപ്പാടിനെ മുഖവിലയ്ക്ക് എടുത്തു ലവ് ഇൻഷ്വറൻസ് കമ്പനിയുടെ റിലീസ് ഡിസംബർ 18 ലേക്ക് മാറ്റി. ഡ്യൂഡിന് ഞങ്ങളുടെ ദീപാവലി ആശംസകളും ചിത്രം ബോക്സ് ഓഫീസിൽ തകർപ്പൻ വിജയം കൈവരിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.

വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ലവ് ഇൻഷ്വറൻസ് കമ്പനിയിൽ കൃതിഷെട്ടി ആണ് നായിക. എസ്.ജെ. സൂര്യ, യോഗിബാബു, ഗൗരി ജി. കിഷൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മെഗാ ഹിറ്റായ ഡ്രാഗണനുശേഷം തിയേറ്ററിൽ എത്തുന്ന പ്രദീപ് രംഗനാഥൻ ചിത്രം ആണ് ഡ്യൂഡ്. നവാഗതനായ കീർത്തിശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജു ആണ് നായിക. ശരത്കുമാർ, ഹൃദു ഹാറൂൺ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മൈത്രിമൂവി മേക്കേഴ്സ് നിർമ്മിക്കുന്നു.