billionaires-

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി വളരുമ്പോൾ രാജ്യത്തെ അതിസമ്പന്നരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. എങ്കിലും ഈ സാമ്പത്തിക വിജയം രാജ്യത്തുടനീളം ഒരുപോലെ വ്യാപിക്കുന്നില്ല എന്നും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. വിവിധ ആഗോള റിപ്പോർട്ടുകൾ പ്രകാരം ലോകത്തിലെ മൊത്തം ശതകോടീശ്വരന്മാരിൽ ഏഴ് ശതമാനത്തിനടുത്ത് ഇന്ത്യയിലാണുള്ളത്. പത്തോളം സംസ്ഥാനങ്ങളിലാണ് ഈ ശതകോടീശ്വരന്മാർ ഉള്ളത്. ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് പുറത്തു വിട്ട റിപ്പോർട്ടിലാണ് കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

മഹാരാഷ്ട്ര (548 കോടീശ്വരന്മാർ) ഡൽഹി (223 കോടീശ്വരന്മാർ) കർണാടക,​ തമിഴ്‌നാട്,​ ഗുജറാത്ത്,​ തെലങ്കാന,​ പശ്ചിമ ബംഗാൾ,​ ഉത്തർപ്രദേശ്,​ രാജസ്ഥാൻ,​ ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോടീശ്വരന്മാർ ഏറ്റവും കൂടുതലുള്ളത്. ഇവയിൽ അതിസമ്പന്നരുടെ എണ്ണത്തിൽ മുൻപന്തിയിൽ നില്ക്കുന്ന മഹാനഗരങ്ങളാണ് മുംബയ്, ഡൽഹി, ബംഗളൂരു.

നിലവിൽ ഇന്ത്യയിൽ ആയിരം കോടിയിലധികം ആസ്തിയുള്ള 1687 പേരും 358 ശത കോടീശ്വരന്മാരുമുണ്ട്. ഇവരുടെ മൊത്തം സമ്പത്ത് രാജ്യത്തിന്റെ ജിഡിപിയുടെ പകുതിയോളമാണ് വരുന്നത്. എന്നാൽ ഈ നേട്ടം രാജ്യവ്യാപകമായി തുല്യമായി എത്തുന്നില്ല എന്നുള്ളതാണ് വസ്തുത. ഇന്ത്യയിലെ സമ്പന്ന കുടുംബങ്ങളിൽ പകുതിയിലധികം പേരും മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട്, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് താമസിക്കുന്നത്. അതേസമയം തെലങ്കാന, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നീ അഞ്ച് സംസ്ഥാനങ്ങളും കൂടി ചേരുമ്പോൾ രാജ്യത്തെ മൊത്തം സമ്പന്നത 90 ശതമാനമാണ്.

രാജ്യത്തെ പ്രധാന വ്യവസായ കേന്ദ്രങ്ങളും, ഐടി കമ്പനികളും, വലിയ വിമാനത്താവളങ്ങളും അടക്കം ഈ പത്ത് സംസ്ഥാനങ്ങളിലാണുള്ളത്. അതേസമയം കേരളം അടക്കമുള്ള ബാക്കി സംസ്ഥാനങ്ങൾ സാമ്പത്തിക വളർച്ചയിൽ അല്പം പിന്നിലാണ്. ചില സംസ്ഥാനങ്ങളിലേക്ക് മാത്രം പണം ഒഴുകിയെത്തുന്നതിന് കാരണങ്ങളുണ്ട്. മികച്ച അടിസ്ഥാന സൗകര്യങ്ങൾ,​ സാമ്പത്തിക ശൃംഖലകൾ,​ ബിസിനസ് വളർത്തിയെടുക്കാനുള്ള സാഹചര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഈ സംസ്ഥാനങ്ങളിൽ കൂടുതലാണ്. മുംബയ് , ബംഗളൂരു തുടങ്ങിയ മഹാനഗരങ്ങളിൽ പണം മുടക്കാനും ജോലി ചെയ്യാനും സാധനങ്ങൾ വാങ്ങാൻ ശേഷിയുള്ള ഉപഭോക്താക്കളും ആളുകളുമുണ്ട്.

മികച്ച ജോലിയും വിദ്യാഭ്യാസവും തേടി ഓരോ വർഷവും ലക്ഷക്കണക്കിന് യുവാക്കളാണ് ഈ നഗരങ്ങളിലേക്ക് കുടിയേറുന്നത്. ഇത് നഗരങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ കുടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ജാർഖണ്ഡ്, അസം പോലുള്ള സംസ്ഥാനങ്ങളിലെ ചെറുപ്പക്കാർക്ക് വിജയിക്കണമെങ്കിൽ ബംഗളൂരു, മുംബയ് പോലുള്ള സ്ഥലങ്ങളിലേക്ക് പോകേണ്ടിവരുന്നത് സ്വന്തം നാടിന്റെ വളർച്ചയ്ക്ക് തടസ്സമുണ്ടാക്കുന്നു. കൂടുതൽ സമ്പന്നമായ സംസ്ഥാനങ്ങളുടെ വളർച്ച കുറയ്ക്കാതെ തന്നെ മറ്റ് സംസ്ഥാനങ്ങൾക്കെല്ലാം വളരാനുള്ള അവസരം ഉണ്ടാകുന്നതാണ് സാമ്പത്തിക വളർച്ചയ്ക്ക് നല്ലത്. .