
നമ്മളിൽ പലർക്കും അറിയില്ല ദിവസവും എത്രത്തോളം പഞ്ചസാരയാണ് ശരീരത്തിനുള്ളിലേക്ക് കടന്നു ചെല്ലുന്നതെന്ന്. മധുര പലഹാരങ്ങൾ അടക്കം നാം ദിവസവും കഴിക്കാറുള്ള ഭക്ഷണങ്ങളിൽ വരെ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്. ഇപ്പോഴിതാ ദിവസേനയുള്ള ഭക്ഷണക്രമത്തിൽ വില്ലനായി ഒളിഞ്ഞിരിക്കുന്ന മധുരത്തെക്കുറിച്ചും അതിൽ നിന്നും ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകുകയാണ് പ്രശസ്ത കാൻസർ വിദഗ്ധനായ ഡോക്ടർ കൃഷ്ണ. നാം എന്നും കഴിക്കുന്ന ചില സാധനങ്ങളിൽ വളരെ അപകടകരമായ അളവിൽ പഞ്ചസാര ചേർത്തിട്ടുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
1.ലൈറ്റായ പ്രഭാതഭക്ഷണം
ധാന്യങ്ങൾ അടക്കമുള്ള ലൈറ്റായ പ്രഭാത ഭക്ഷണങ്ങളിൽ മൂന്ന് മുതൽ നാല് ടേബിൾ സ്പൂൺ വരെ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നാണ് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നത്. ഇത് സ്ഥിരമാക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
2.ഫ്ലേവർഡ് യോഗർട്ട്
തൈര് ആരോഗ്യത്തിന് നല്ലതാണെന്നാണ് പൊതുവെ എല്ലാവരും കരുതുന്നത്. എന്നാൽ എല്ലാ തൈരുകളും ഒരുപോലെയല്ല. സൂപ്പർമാർക്കറ്റുകളിൽ നിരത്തി വച്ചിരിക്കുന്ന പല നിറങ്ങളിലുള്ള, പഴങ്ങളുടെ ഫേവറിലുള്ള തൈരുകൾ (ഫ്ലേവർഡ് യോഗർട്ട്) നിങ്ങൾ കരുതുന്നതുപോലെ ആരോഗ്യകരമായ ലഘുഭക്ഷണം ആകണമെന്നില്ല. ഫ്ലേവർഡ് യോഗർട്ടുകൾ ധാരാളം പഞ്ചസാര ചേർത്ത മധുരപലഹാരത്തിന് തുല്യമായിരിക്കും. അതിനാൽ ഫ്ലേവർഡ് യോഗർട്ട് വാങ്ങുമ്പോൾ അതിൽ എത്രത്തോളം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് ശ്രദ്ധിക്കുന്നത് വളരെ പ്രധാനമാണ്.
3. കെച്ചപ്പും സോസേജുകളും
ഫ്രഞ്ച് ഫ്രൈസിനും സമോസയ്ക്കൊപ്പമോ കെച്ചപ്പ് ചേർത്ത് കഴിക്കുമ്പോൾ നിങ്ങളുടെ പഞ്ചസാര ഉപഭോഗം കണക്കാക്കാൻ കഴിയാതെ വരും. ഇത് ആർട്ടിഫിഷ്യലായിട്ട് സ്ഥിരം കഴിക്കുന്നവർക്ക് പൊണ്ണത്തടിയും ക്യാൻസറും വരാനുള്ള സാദ്ധ്യത കൂടുതലാണ്. എന്നാൽ പ്രകൃതിദത്തമായി കിട്ടുന്ന തക്കാളി ഉപയോഗിച്ച് ഉണ്ടാക്കുന്ന കെച്ചപ്പ് കഴിച്ചാൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാകുകയില്ല.
4. പാക്കറ്റിലാക്കിയ ഫ്രൂട്ട് ജ്യൂസുകൾ
പാക്കറ്റിൽ വരുന്ന ഫ്രൂട്ട് ജ്യൂസുകൾ നമ്മൾ ആരോഗ്യകരമെന്ന് കരുതാറുണ്ടെങ്കിലും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ജ്യൂസിന്റെ കവറിന് പുറത്ത് '100 ശതമാനം ഫ്ര്യൂട്ട് ജ്യൂസ് എന്ന് എഴുതിയിട്ടുണ്ടെങ്കിൽ പോലും, അതിൽ അധികമായി പഞ്ചസാര ചേർത്തിട്ടുണ്ടാവാം.
5.ചായയും കാപ്പിയും
നമ്മൾ ചായയിലും കാപ്പിയിലും ഒരു ദിവസം രണ്ടോ മൂന്നോ ടീസ്പൂൺ പഞ്ചസാര ചേർക്കാറുണ്ട്. ഇങ്ങനെ ദിവസവും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടാൻ കാരണമാകും. അതുകൊണ്ട്, ചായയിലും കാപ്പിയിലും പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ പ്രത്യേകം ശ്രമിക്കുക.