thomas

എടക്കര: സ്‌ത്രീകളെ ആക്രമിച്ച് സ്വർണമാല മോഷ്ടിച്ച കേസിൽ ബി.ടെക്ക്,​ ബി.ബി.എക്കാരായ സഹോദരങ്ങൾ അറസ്റ്റിൽ. ചുങ്കത്തറ പൂക്കോട്ടുമണ്ണ അനാടത്തിൽ തോമസ് (30), മാത്യൂ ജയ്‌മോൻ (28) എന്നിവരാണ് അറസ്റ്റിലായത്. എടക്കരയിലെ ഷോപ്പിംഗ് കോംപ്ളക്സിലെ ക്ലീനിംഗ് ജീവനക്കാരിയുടെ മാല ബൈക്കിലെത്തി പൊട്ടിച്ച കേസിലാണ് അറസ്റ്റ്. ഇത് മുക്കുപണ്ടമായിരുന്നു. കേസന്വേഷണത്തിനിടെ മറ്റൊരു വീട്ടിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ച കേസും തെളിഞ്ഞു. രാസലഹരി കേസിൽ പ്രതിയാണ് തോമസ്. ജാമ്യത്തിലിറങ്ങാൻ അഞ്ച് ലക്ഷം രൂപയും ഷെയർ ട്രേഡിംഗിലൂടെ 15 ലക്ഷത്തോളം രൂപയും നഷ്ടം വന്നതോടെയാണ് പ്രതി മോഷണത്തിലേക്ക് തിരിഞ്ഞത്. ഇതിനായി സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്ത പണം തിരിച്ചടയ്ക്കാനും സമ്മർ‌ദ്ദമുണ്ടായിരുന്നു.

വീട്ടിൽ കാറും ബുള്ളറ്റും ഉണ്ടെങ്കിലും സുഹൃത്തിന്റെ ബൈക്കാണ് പ്രതികൾ മോഷണത്തിന് തിരഞ്ഞെടുത്തത്. സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് തോമസിലേക്ക് പൊലീസെത്തിയത്. ചോദ്യം ചെയ്യലിനിടെ ചുങ്കത്തറ കളക്കുന്നിലെ വീട്ടിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ചതും തെളിഞ്ഞു. ഇത് മഞ്ചേരിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച് 62,000 രൂപ അക്കൗണ്ടിലൂടെ വാങ്ങി മൊബൈൽ ആപ്പ് വഴി യു.എസ് ഡോളറിലേക്ക് കൺവേർട്ട് ചെയ്തതായും പ്രതി മൊഴി നൽകി. ചോദ്യം ചെയ്യലിലാണ് സഹോദരന്റെ പങ്കും വ്യക്തമായത്.

2019ൽ എറണാകുളത്ത് വച്ച് റെയിൽവേ പൊലീസ് 12 കിലോഗ്രാം കഞ്ചാവ് പിടിച്ച കേസിലും പോത്തുകല്ല് പൊലീസ് പിടിച്ച രാസലഹരി കേസിലും പ്രതിയാണ് തോമസ്.