stadium

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. നവംബറില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റേഡിയം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു.

ഫാന്‍ മീറ്റ് നടത്താനുള്ള സാദ്ധ്യതകളും യോഗത്തില്‍ ചര്‍ച്ചയായി. സ്റ്റേഡിയത്തില്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കും. പാര്‍ക്കിങ്, ആരോഗ്യ സംവിധാനങ്ങള്‍, ശുദ്ധ ജല വിതരണം, വൈദ്യുതി വിതരണം, മാലിന്യ സംസ്‌കരണം എന്നീ ക്രമീകരണങ്ങള്‍ സജ്ജമാക്കാനും തീരുമാനമായി.

തയ്യാറെടുപ്പുകള്‍ക്ക് വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. നിലവില്‍ കൊച്ചി സ്റ്റേഡിയത്തില്‍ 34000 പേര്‍ക്ക് മാത്രമെ മത്സരം കാണാന്‍ ഫിഫ നിയമ പ്രകാരം സാധിക്കുകയുള്ളൂ. ലക്ഷകണക്കിന് ആരാധകര്‍ തടിച്ചു കൂടിയാല്‍ സുരക്ഷ എങ്ങനെ ഒരുക്കും എന്നതടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഏകോപനത്തിന് ഒരു ഐഎഎസ് ഓഫിസറെ നിയമിക്കും. സംസ്ഥാന തലത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പ്രവര്‍ത്തിക്കും. ജില്ലാതലത്തില്‍ കളക്ടര്‍ക്കായിരിക്കും ഏകോപന ചുമതല.

മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, ചീഫ് സെക്രട്ടറി ഡോ. എ. തിലക്, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ തുടങ്ങിയവരും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.