
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വൃത്തിയായി സൂക്ഷിക്കാത്തതിന് നടപടി. എറണാകുളം ആലുവ ഡിപ്പോയിലെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലാണ് വൃത്തിയില്ലായ്മയുടെ പേരില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായിരിക്കുന്നത്. ഡിപ്പോയിലെ എഞ്ചിനീയര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍ കെ.ടി ബൈജുവിനെ തിരുത്തല്‍ പരിശീലനത്തിനായി അയക്കാനാണ് ഉത്തരവ്.
ബസിന്റെ വിന്റോ ഗ്ലാസുകളുടെ അകംവശം, സീറ്റുകള്‍, ബസിന്റെ ഇന്‍സൈഡ് ടോപ്പ് എന്നീ ഭാഗങ്ങള്‍ അഴുക്കു പിടിച്ച് വൃത്തിഹീനമായി കണ്ടതിനെ തുടര്‍ന്നാണ് നടപടി. കെ.ടി.ബൈജുവിനെ അഞ്ചു ദിവസത്തെ തിരുത്തല്‍ പരിശീലനത്തിനായി തിരുവനന്തപുരം സ്റ്റാഫ് ട്രെയിനിങ് സെന്ററിലേക്കാണ് നിയോഗിച്ചിരിക്കുന്നത്.
ആലുവ ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസില്‍ മുന്‍പും സമാനമായി അനാസ്ഥ കണ്ടെത്തിയിരുന്നുവെന്നും അന്ന് അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയറായ ബൈജുവിന് താക്കീത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്നും ബസ് വൃത്തിഹീനമായി സൂക്ഷിച്ചതിനാണ് ഇപ്പോള്‍ നടപടി കൈക്കൊണ്ടിരിക്കുന്നതെന്ന് കെഎസ്ആര്‍ടിസി സിഎംഡി പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.