
ആറ്റിങ്ങൽ : ആറ്റിങ്ങലിൽ മദ്ധ്യവയസ്‌കന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ കൊടുമൺ ഭാഗത്തുള്ള 57 കാരനാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. പ്രമേഹ രോഗിയായ ഇദ്ദേഹം വീണ് കാലിന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്‌ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ നിലവിൽ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.