police

ചാരുംമൂട്: സ്വകാര്യ ബസ് ജീവനക്കാര്‍ പ്രതികളാകുന്ന കേസുകള്‍ വര്‍ദ്ധിക്കുന്നതോടെ നൂറനാട് നിവാസികള്‍ ആശങ്കയില്‍. കഴിഞ്ഞ ദിവസം നൂറനാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 14 വയസുകാരിയെ പീഡിപ്പിച്ച സംഭവം നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. സുല്‍ത്താന്‍ എന്ന പ്രൈവറ്റ് ബസിലെ ഡ്രൈവര്‍ നൂറനാട് പറ്റൂര്‍ നിരഞ്ജനം വീട്ടില്‍ രഞ്ജുമോന്‍ ഈ കേസില്‍ ജയിലിലാണ്. സ്‌കൂളിലേക്ക് പോകുന്നവഴി പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

ധാരാളം ക്രിമിനല്‍ കേസ് പ്രതികള്‍ ബസുകളില്‍ ജോലി ചെയുന്നതായി ആക്ഷേപമുണ്ട്. അടുത്തകാലത്തായി കഞ്ചാവ്, പോക്‌സോ, അടിപിടി, കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ പ്രതികളാകുന്നു. കൂടാതെ പ്രണയത്തിന്റെ പേരില്‍ ലൈംഗികാതിക്രമങ്ങളും നടക്കുന്നുണ്ട്. പലരും ഈ ക്രിമിനല്‍ സംഘങ്ങളെ പേടിച്ചു പുറത്ത് പറയാന്‍ മടിക്കുന്നതിലാണ് മിക്ക കേസുകളും പുറത്ത് വരാത്തതെന്നാണ് പൊലീസ് അധികൃതര്‍ പറയുന്നത്.

സമയം തെറ്റിച്ച് ബസ് ഓടുന്നതിന്റെ പേരില്‍ റോഡില്‍ നടക്കുന്ന സംഘര്‍ഷങ്ങളും പതിവാണ്. അതുമൂലം സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ ബുദ്ധിമുട്ടുന്നു. ഒരു ചെറിയ വിഭാഗം തൊഴിലാളികള്‍ ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ സ്വകാര്യ ബസ് മേഖലയില്‍ ദീര്‍ഘകാലമായി ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും നാണക്കേട് ഉണ്ടാക്കുന്നു. സ്വകാര്യ ബസ് തൊഴിലാളികളെ നിരീക്ഷിക്കുക, അവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുക, കെ. എസ്. ആര്‍. ടിസിയില്‍ ചെയ്യുന്നത് പോലെ ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിക്കുക , കണ്ടക്ടര്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുക, തൊഴിലാളികള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്തുക തുടങ്ങിയ നടപ്പാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.