mammootty

കൊച്ചി: ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇഡി) മിന്നൽ പരിശോധന നടത്തുന്നു. 17 ഇടങ്ങളിലാണ് പരിശോധന. കസ്​റ്റംസ് പരിശോധന നടത്തിയതിനുപിന്നാലെയാണ് ഇവിടങ്ങളിൽ ഇഡി റെയ്ഡ് നടത്തുന്നത്. ഇന്ത്യയിലേക്ക് ഭൂട്ടാൻ/നേപ്പാൾ റൂട്ടുകളിലൂടെ ലാൻഡ് ക്രൂയിസർ, ഡിഫൻഡർ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്ട്രേഷനിലും ഏർപ്പെട്ടിരിക്കുന്ന ഒരു സിൻഡിക്കേറ്റിനെക്കുറിച്ചുളള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡെന്നാണ് ഇഡി അറിയിച്ചത്.

'മമ്മൂട്ടി ഹൗസ്' എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടി ഇപ്പോൾ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലുമാണ് പരിശോധന. കടവന്ത്രയിലെ വീട്ടിലാണ് ദുൽഖർ താമസിക്കുന്നത്. നടൻമാരായ പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കല്‍, വിദേശ വ്യവസായി വിജേഷ് വര്‍ഗീസ്, വാഹന ഡീലർമാർ എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. കോ‌‌ട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചെന്നൈയിലും പരിശോധന നടന്നുവരികയാണ്.

raid

കസ്റ്റംസ് നടത്തിയ ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത ദുൽഖർ സല്‍മാന്റെ വാഹനങ്ങള്‍ വിട്ടുനല്‍കണമെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. വാഹനം വിട്ടുനല്‍കണമെന്ന നടന്റെ ആവശ്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. വ്യക്തികള്‍ക്കെതിരെ തെളിവുകള്‍ ഇല്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും കസ്റ്റംസിനോട് ഹൈക്കോടതി പറഞ്ഞിരുന്നു.