vijay

ചെന്നൈ: കരൂരിലേക്ക് പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ഡിജിപിക്ക് വിജയ് ഇ-മെയിൽ അയച്ചു. ദുരന്തബാധിതരുടെ കുടുംബങ്ങളെ തനിക്ക് കാണണമെന്നും അവർക്ക് സഹായം നൽകണമെന്നുമാണ് മെയിലിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കരൂരിൽ തിക്കിലും തിരക്കിലുംപെട്ട് ജീവൻ നഷ്‌ടമായവരുടെ കുടുംബങ്ങളുമായി ഇന്നലെ വിജയ് വാട്‌സാപ്പിൽ വീഡിയോ കോളിൽ സംസാരിച്ചിരുന്നു.

ദുരന്തബാധിതരുടെ കുടുംബങ്ങളെ നേരിട്ട് സന്ദർശിക്കാത്തതിന് വിജയ്‌ക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഒരു ഇരയുടെ കുടുംബത്തോട് സംസാരിക്കവെ, 'ഞാൻ നിങ്ങളുടെ മകനെപ്പോലെ തന്നെയാണ്' എന്ന് പറഞ്ഞാണ് അദ്ദേഹം ആശ്വസിപ്പിച്ചത്. വിജയ് നേരിട്ടെത്തിയില്ലെങ്കിലും പാർട്ടി അംഗങ്ങളെത്തി ഇരകളുടെ കുടുംബം സന്ദർശിക്കുമെന്നായിരുന്നു നേരത്തേ വന്ന റിപ്പോർട്ട്.

സെപ്‌തംബർ 27ന് കരൂരിൽ വിജയ്‌യുടെ രാഷ്‌ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41പേർ കൊല്ലപ്പെടുകയും അറുപതിലധികംപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.