navya

മലയാളിപ്രേക്ഷകർ എക്കാലത്തും വളരെ സ്‌നേഹത്തോടെ മാത്രം കാണുന്ന നടിയാണ് നവ്യ നായർ. അഭിനയം മാത്രമല്ല നൃത്തത്തിലും സോഷ്യൽ മീഡിയയിലും നവ്യ സജീവമാണ്. നടിയുടെ ഓരോ വീഡിയോയ്‌ക്കും പോസ്റ്റിനുമെല്ലാം ലക്ഷക്കണക്കിനുപേരാണ് ലൈക്കും കമന്റും രേഖപ്പെടുത്താറുള്ളത്. അടുത്തിടെ ഒരു ഓൺലൈൻ ചാനൽ പുറത്തിറക്കിയ നടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ അതിൽ പ്രതികരണവുമായി നവ്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഒപ്പം നിന്ന് ഫോട്ടോയെടുക്കാൻ വന്ന കുട്ടിയെ നവ്യ മനഃപൂർവം അവഗണിച്ചു എന്ന രീതിയിലാണ് വീഡിയോ ഇട്ടിരിക്കുന്നത്. ഇതോടെ വലിയ രീതിയിലുള്ള വിമർശനമാണ് കമന്റുകളായി ഓരോരുത്തരും രേഖപ്പെടുത്തിയത്. അൻപത് ലക്ഷത്തോളംപേർ ആ വീഡിയോ കണ്ടു. പക്ഷേ, സത്യാവസ്ഥ ഇതായിരുന്നില്ല. നവ്യ കുട്ടിക്കൊപ്പം നിന്ന് ഫോട്ടോയെടുത്തിരുന്നു. അത് ഈ ഓൺലൈൻ ചാനലിലെ ആളുകൾ നേരിട്ട് കണ്ടതുമാണ്. പക്ഷേ, കേവലം ലൈക്കിന് വേണ്ടി ഇങ്ങനെ വീഡിയോ ഇട്ടത് വളരെ കഷ്‌ടമാണെന്ന് നവ്യ പറഞ്ഞു. ഫോട്ടോ എടുക്കാൻ വന്ന അതേ പെൺകുട്ടിയെയും അമ്മയെയും ഒപ്പം നിർത്തിയാണ് നവ്യ വീഡിയോ ചെയ്‌തിരിക്കുന്നത്.

'കാര്യം ശരിക്കും അറിയാതെയാണ് പലരും എന്നെ കമന്റിലൂടെ വിമർശിച്ചിരിക്കുന്നത്. നൃത്തം ചെയ്യുന്നതിനിടെ കാലൊടിഞ്ഞ് പോട്ടെയെന്ന് വരെ ആളുകൾ ശപിച്ചു. ആ ചാനലുകാർ സോറി പറഞ്ഞ് വീഡിയോ ഡിലീറ്റ് ചെയ്‌തു. പക്ഷേ, റിയാക്ഷൻ വീഡിയോകൾ ഇപ്പോഴും നടക്കുകയാണ്. ഇവരെ ഒന്നും നന്നാക്കാൻ എനിക്ക് കഴിയില്ല. അവരുടെ ദുഷിപ്പിനെ മാറ്റാനും കഴിയില്ല. അവർക്ക് വ്യൂസ് മാത്രം മതി. കള്ളത്തരം ചെയ്‌തിട്ടല്ല നമ്മൾ പേരും പ്രശസ്‌തിയും നേടേണ്ടത്.

നേരായ വഴിയിലൂടെ പോയാൽ പ്രശസ്‌തി ഉണ്ടാക്കാൻ എല്ലാവർക്കും പറ്റും. എന്നെ ആൾക്കാർ തിരിച്ചറിയുന്ന നിമിഷം കാണാൻ കൊതിച്ചയാളാണ് ഞാൻ. അതുകൊണ്ടുതന്നെ ആരോടും ഞാൻ മോശമായി പെരുമാറില്ല. എത്ര ക്ഷീണിതയായാലും കഴിവതും എല്ലാവർക്കുമൊപ്പം ഫോട്ടോയെടുക്കാറുണ്ട്. എനിക്ക് ജാഡയെന്ന് പറഞ്ഞെങ്കിൽപ്പോലും ഇത്രയും വിഷമമുണ്ടാകില്ലായിരുന്നു. ഇങ്ങനെ ആരെയും ശപിക്കരുത് '- നവ്യ നായർ പറഞ്ഞു.

ഗ്രൂപ്പായി ഫോട്ടോ എടുക്കാമെന്നാണ് നവ്യ അപ്പോൾ പറഞ്ഞത്. മകൾക്കൊപ്പം നവ്യ ഫോട്ടോ എടുത്തിരുന്നു. ഇത് ഇത്ര വലിയ വിവാദം ആകുമെന്ന് കരുതിയില്ല. ആ വീഡിയോ കണ്ടപ്പോൾ തന്നെ യഥാർത്ഥത്തിൽ നടന്നത് എന്താണെന്ന് കമന്റിട്ടിരുന്നുവെന്നുമാണ് കുട്ടിയുടെ അമ്മ പ്രതികരിച്ചത്.