
കൊയിലാണ്ടി: സമീപ ദിവസങ്ങളിലായി വലിയതോതിൽ കുഞ്ഞമത്തി കോരിയെടുത്താണ് വള്ളങ്ങൾ കരയ്ക്ക് എത്തുന്നത്. ഇത് നേരെ മംഗലാപുരത്തുള്ള ലോറി മാർഗം വളംനിർമ്മാണ കമ്പനികളിലേക്ക് പോകുന്നു. പത്ത് സെന്റീമീറ്ററിൽ കുറവുള്ള മീൻ കുഞ്ഞുങ്ങളെ പിടിക്കുന്നത് വിലക്കിയിട്ടുണ്ടെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് മത്സ്യ തൊഴിലാളികൾ കുഞ്ഞൻ മത്തി പിടിക്കുന്നത്. മലയാളികളുടെ പ്രധാന ഭക്ഷ്യ വസ്തുവായ മത്തി മംഗലാപുരത്തെ കമ്പനിയിലെത്തുന്നതോടെ കോഴി തീറ്റയായി മാറുകയാണ്.
കഴിഞ്ഞ ദിവസം ഹാർബറിലെത്തിയ മറൈൻ പൊലീസ് നടപടിയെടുക്കാൻ ശ്രമിച്ചപ്പോൾ തൊഴിലാളികൾ സംഘം ചേർന്ന് പ്രതിഷേധിച്ചിരുന്നു. ദീർഘകാലമായി പണിയില്ലാത്തതിനാൽ കൈയിൽ കിട്ടിയ മത്തിക്കുഞ്ഞുങ്ങളെ പിടിക്കാതെ ഉപജീവനം സാദ്ധ്യമല്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. ഒരു വർഷത്തോളമായി മത്സ്യ തൊഴിലാളികൾക്ക് കാര്യമായി പണി കിട്ടിയിട്ട്, കോസ്റ്റൽ പൊലീസിന്റെ കീഴിലുള്ള മറ്റ് ഹാർബറിലൊന്നും തന്നെ വിലക്കില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.
എന്നാൽ ഒരേ സമയം എല്ലാ ഹാർബറിലും പരിശോധന നടത്താൻ കഴിയില്ലെന്നാണ് ഫിഷറീസും മറൈൻ പൊലീസും പറയുന്നത്. കുഞ്ഞൻ മത്തി കിട്ടിയാലുടൻ പൊലീസ് സാന്നിദ്ധ്യം ഹാർബറിലുണ്ടോ എന്നറിയാൻ കച്ചവടക്കാരുടെ സഹായം തേടിയാണ് തൊഴിലാളികൾ കരയിലേക്ക് എത്താറ്. കരയിലുള്ള കച്ചവടക്കാരാണ് തൊഴിലാളികളെ സഹായിക്കുന്നത്. കുഞ്ഞൻമത്തി എത്തിയതോടെ ഹാർബറും പരിസരവും സജീവമായിരിക്കുകയാണ്. ചുമട്ട് തൊഴിലാളികൾ, മറ്റ് അനുബന്ധ തൊഴിലാളികൾ എല്ലാം പണി കിട്ടിയതിന്റെ ഉത്സാഹത്തിലാണ്. ഈ മട്ടിലുള്ള മത്സ്യബന്ധനം മീനുകളുടെ വംശനാശത്തിന് വഴിവെക്കുമെന്ന് ചിന്തിക്കുന്നവരും തൊഴിലാളികളുടെ കൂട്ടത്തിലുണ്ട്. കൺമുന്നിലെത്തിയ കുഞ്ഞൻ മത്തികളെ പിടികൂടിയില്ലെങ്കിൽ അവ വലുതായാൽ മറ്റു ദിക്കുകളിലേക്ക് പോയ് കളയുമെന്നും തൊഴിലാളികൾ പറയുന്നുണ്ട്.
ചെറുമത്തി കളെപിടിക്കുന്നതിന് നിയന്ത്രണമുണ്ടെങ്കിലും തൊഴിലാളികൾ അതൊന്നും അനുസരിക്കാറില്ല ഫിഷറീസും കോസ്റ്റൽ മറൈൻ ഫോഴ്സും വന്നാൽ മറ്റ് സ്ഥലങ്ങളിൽ നടപടിയില്ലെന്നാണ് തൊഴിലാളികൾ പറയാറ്. ഒരേ സമയത്ത് എല്ലാ ഹാർബറിലും പരിശോധ നടത്താൻ നിലവിൽ സാദ്ധ്യമല്ല. ചെറുമത്തികളുമായി പോകുന്ന വാഹനങ്ങൾക്ക് നേരെ നടപടിയെടുത്താൽ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും. ഡിമാന്റ് കുറഞ്ഞാൽ തൊഴിലാളികൾ പിന്മാറുകയും ചെയ്യും.
സി.എം സുനിലേശൻ. മത്സ്യ തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി സി.ഐ.ടി.യു