
കണ്ണൂർ: ട്രാഫിക് ഡ്യൂട്ടിക്കിടെ കാർ ഇടിച്ചുകയറ്റിയുണ്ടാക്കിയ അപകടത്തിൽ എസ് ഐയ്ക്ക് പരിക്ക്. കണ്ണൂരിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. വളപട്ടണം എസ് ഐ ടി എം വിപിനാണ് പരിക്കേറ്റത്. കണ്ണൂർ മാടായി സ്വദേശി ഫായിസ്, മാട്ടൂൽ സ്വദേശി നിയാസ് എന്നിവർ അറസ്റ്റിലായി.
വളപട്ടണം പാലത്തിന് സമീപം അപകടകരമായ രീതിയിൽ കാർ ഓടിച്ച യുവാക്കളെ പൊലീസ് തടയുകയായിരുന്നു. എന്നാൽ കാർ നിർത്താതെ ഇവർ എസ് ഐയെ ഇടിച്ചു. പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ച് ബോണറ്റിൽ കയറ്റിയ കാർ ഒരു ഓട്ടോയിലും മതിലിലും ഇടിച്ചുകൊണ്ടാണ് നിന്നത്. കാർ ഓടിച്ച യുവാക്കൾക്ക് ലൈസൻസ് ഇല്ലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. അറസ്റ്റിലായ യുവാക്കളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.