
ദിവസേന സ്വർണാഭരണങ്ങൾ ഉപയോഗിക്കുന്ന ധാരാളംപേരുണ്ട്. ഇത്തരത്തിൽ ഇടുന്ന ആഭരണങ്ങൾ എപ്പോഴും അഴുക്ക് കയറി നിറം മങ്ങിയിരിക്കാറാണ് പതിവ്. പ്രത്യേകിച്ച് കഴുത്തിലിടുന്ന മാലകൾ. ഇവ വൃത്തിയാക്കാൻ ജുവലറിയിൽ കൊടുത്താൻ അതിൽ നിന്ന് സ്വർണം നഷ്‌ടപ്പെടുമോ എന്ന ഭയമുള്ളതിനാൽ പലരും അത് അങ്ങനെതന്നെ ഉപയോഗിക്കുന്നു. എന്നാൽ, ഒരു കെമിക്കലും ഉപയോഗിക്കാതെ നിങ്ങളുടെ സ്വർണാഭരണങ്ങൾ വീട്ടിൽ തന്നെ വൃത്തിയാക്കാം. ഈ രീതി എങ്ങനെയെന്ന് നോക്കാം.
ഒരു കട്ടിയുള്ള പാത്രത്തിൽ ഒരു ടേബിൾസ്‌പൂൺ ഷാംപൂ എടുക്കുക. ഇതിലേക്ക് അര ടീസ്‌പൂൺ മഞ്ഞൾപ്പൊടിയിടണം. ശേഷം ആവശ്യത്തിനുള്ള വെള്ളം ചേർത്ത് നന്നായി പതപ്പിക്കുക. ഇത് അടുപ്പിൽ വച്ച് ചൂടാക്കണം. ഈ സമയം നിങ്ങൾക്ക് അഴുക്ക് കളയേണ്ട സ്വർണാഭരണങ്ങൾ കൂടിയിടുക. നന്നായി തിളപ്പിക്കണം. ഇടയ്‌ക്കിടെ സ്‌പൂൺ വച്ച് ഇളക്കിക്കൊടുക്കുക. അഞ്ച് മുതൽ എട്ട് മിനിട്ട് വരെ തിളപ്പിച്ച ശേഷം ചൂടാറാൻ വയ്‌ക്കുക. നന്നായി തണുക്കുമ്പോൾ പഴയൊരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുക. ശേഷം പച്ചവെള്ളത്തിൽ കഴുകിയെടുക്കുക. ശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് തുടച്ചെടുക്കാം.
മഞ്ഞൾപ്പൊടി ഉപയോഗിച്ചിരിക്കുന്നതിനാൽ മാലയ്‌ക്ക് നല്ല തിളക്കം ലഭിക്കും. ഈ മാർഗം ഉപയോഗിക്കുന്നതിലൂടെ ഏത് ഡിസൈനിലുള്ള ആഭരണങ്ങളും വൃത്തിയാക്കാം. കെമിക്കലുകളൊന്നും ഉപയോഗിക്കാത്തതിനാൽ സ്വർണത്തിന് യാതൊരുവിധ കേടുപാടുകളും വരുന്നതല്ല. ആഭരണങ്ങളുടെ നിറം മങ്ങുമ്പോഴെല്ലാം നിങ്ങൾക്ക് ഈ മാർഗം പരീക്ഷിക്കാവുന്നതാണ്.