
നടനും മിമിക്രി താരവുമായ ഉല്ലാസ് പന്തളത്തിന്റെ ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. വീഡിയോയിൽ വളരെ അവശനായിരുന്നു അദ്ദേഹം. കൈകാലുകൾക്ക് സ്വാധീനക്കുറവുണ്ട്. സ്റ്റിക്ക് ഉപയോഗിച്ചാണ് നടക്കുന്നത്. സ്‌ട്രോക്ക് വന്നതിന് ശേഷമാണ് ഉല്ലാസിന്റെ ആരോഗ്യാവസ്ഥ ഇങ്ങനെയായത്.
സ്‌ട്രോക്ക് വന്ന കാര്യം ഉല്ലാസ് തന്നെയാണ് തുറന്നുപറഞ്ഞത്. തനിക്ക് സ്ട്രോക്കാണെന്ന് ആർക്കും അറിയത്തില്ല, കൂടെയുള്ളവർക്ക് മാത്രമേ അറിയൂവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ ഉല്ലാസിന് ധനസഹായം നൽകിയിരിക്കുകയാണ് ഒരു ജുവലറി ഉടമ. 'ചെറിയൊരു തുക ഉല്ലാസിന് നൽകുകയാണ്.'- എന്ന് പറഞ്ഞുകൊണ്ട് ഒരു ലക്ഷം രൂപയുടെ ചെക്കാണ് അദ്ദേഹം നൽകിയത്.
'സാറിന് ചെറിയ സംഖ്യയാണെങ്കിൽ ഒരു ലക്ഷം എന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ തുകയാണ്.'- എന്നായിരുന്നു ഉല്ലാസിന് ഒപ്പമുണ്ടായിരുന്ന അവതാരകയും സുഹൃത്തുമായ ലക്ഷ്മി നക്ഷത്ര ഇതിനോട് പ്രതികരിച്ചത്.
ഉല്ലാസ് പന്തളത്തിന്റെ വീഡിയോ വളരെപ്പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അദ്ദേഹം എത്രയും വേഗം പൂർണ ആരോഗ്യസ്ഥിതിയിലേക്ക് മടങ്ങിവരട്ടേയെന്നായിരുന്നു മിക്കയാളുകളും കമന്റ് ചെയ്തത്. എന്നാൽ വേറെ ചിലർ ഉല്ലാസിന്റെ ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതിനെക്കുറിച്ചും അതിന്റെ ശാപമായിരിക്കാമിതെന്നൊക്കെയാണ് കമന്റ് ചെയ്‌തിരിക്കുന്നത്. മിനിസ്‌ക്രീനിൽ മിമിക്രി ഷോകളിലൂടെ സുപരിചിതനായ ഉല്ലാസ് കുട്ടനാടൻ മാർപ്പാപ്പ, വിശുദ്ധ പുസ്തകം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.