vendor

പുറത്തിറങ്ങിയാൽ ഭക്ഷണം കഴിക്കണമെന്ന് നിർബന്ധമുള്ള നിരവധി പേരുണ്ട്. ഒരു ജ്യൂസെങ്കിലും കുടിച്ചാൽ മതിയെന്നായിരിക്കും പലരും കരുതുക. എന്നാൽ ഇത്തരത്തിൽ തട്ടുകടയിൽ നിന്നും മറ്റും ഭക്ഷണം കഴിക്കുന്നവരെ പേടിപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.


ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നുള്ളതാണ് ഈ ഞെട്ടിക്കുന്ന വീഡിയോ. വളരെ വൃത്തിഹീനമായ സ്ഥലത്താണ് ജ്യൂസ് വിൽപ്പനക്കാരൻ തന്റെ വണ്ടിയുമായി നിൽക്കുന്നത്. വിൽപ്പനക്കാരൻ തന്റെ സ്വകാര്യ ഭാഗങ്ങൾ ഒരു തുണി ഉപയോഗിച്ച് വൃത്തിയാക്കുകയും, തുടർന്ന് അതേ തുണി ഉപയോഗിച്ച് പഴച്ചാറുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ തുടയ്ക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഇതുകണ്ട് ഒരു സ്ത്രീയാണ് വീഡിയോ പകർത്തിയത്. ആ സ്ത്രീ കച്ചവടക്കാരനെ ചോദ്യം ചെയ്യുന്നതും പ്രചരിക്കുന്ന വീഡിയോയിലുണ്ട്.


ആദ്യം കച്ചവടക്കാരൻ സ്വയം പ്രതിരോധിക്കാൻ ശ്രമിച്ചു. തന്റെ വയറ്റിൽ ഒരു കുരു ഉണ്ടെന്നും അത് വൃത്തിയാക്കുക മാത്രമാണ് ചെയ്തതെന്നും സ്വകാര്യ ഭാഗങ്ങളിൽ തൊട്ടിട്ടില്ലെന്നുമാണ് ഇയാൾ പറഞ്ഞത്. എന്നാൽ പൊതുസ്ഥലത്ത് ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് യുവതി പറഞ്ഞു. വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ പലരും ഞെട്ടലും അറപ്പും പ്രകടിപ്പിച്ചു. തെരുവ് കച്ചവടക്കാരനെതിരെ കർശന നടപടിയെടുക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടു.


വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഡെറാഡൂൺ പൊലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്തെന്നും ജ്യൂസ് വണ്ടി കണ്ടുകെട്ടിയെന്നുമാണ് വിവരം. കൂടാതെ പിഴയും ചുമത്തി.

കേരളത്തിൽ ഉൾപ്പടെ അനധികൃതമായി നിരവധി തട്ടുകടകളും മറ്റും പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ വൃത്തിയുള്ള പ്രദേശമാണെന്ന് ഉറപ്പുവരുത്തണം.