gold

കൊച്ചി: അനുകൂലഘടകങ്ങളെ കൂട്ടുപിടിച്ച് സ്വർണവില റെക്കാർഡുകൾ ഭേദിച്ച് കുതിപ്പ് തുടരുന്നു. ഇന്നലെ ഒറ്റദിവസം രണ്ടുതവണയാണ് കേരളത്തിൽ വില വർദ്ധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 4000 ഡോളർ കടന്നപ്പോൾ തന്നെ കേരളത്തിൽ സർവ്വകാല റെക്കാർഡായ 90,000 രൂപ കടന്നു. ഗ്രാമിന് 105 രൂപ കൂടി 11, 290 രൂപയും പവന് 840 രൂപ വർദ്ധിച്ച് 90,320 രൂപയുമായിരുന്നു രാവിലെ വില. എന്നാൽ, ഉച്ച കഴിഞ്ഞപ്പോൾ ആഗോള വിപണിയിൽ സ്വർണത്തിന് 4038 ഡോളറായി. കേരളത്തിൽ ഗ്രാമിന് വീണ്ടും 70 രൂപ കൂടി 11360 രൂപയും പവന് 560 രൂപ കൂടി 90880 രൂപയുമായി. ജി.എസ്.ടി, പണിക്കൂലി എല്ലാം കണക്കാക്കിയാൽ ഒരു പവൻ സ്വർണ്ണാഭരണം സ്വന്തമാക്കണമെങ്കിൽ ഒരു ലക്ഷം രൂപയോളം നൽകേണ്ടി വരും.

സുരക്ഷിത നിക്ഷേപം

ആഗോളതലത്തിൽ സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കുന്നതാണ് സ്വർണ്ണവില കടിഞ്ഞാണില്ലാതെ പായുന്നതിന്റെ പ്രധാന കാരണം. അമേരിക്കയിലെ ഷട്ട്‌ഡൗൺ രണ്ടാം ആഴ്ചയിലേക്ക് കടന്നത് നിക്ഷേപകരിൽ ആശങ്കയുണർത്തുന്നുണ്ട്. ഫെഡറൽ പലിശ നിരക്ക് ഈ മാസം കാൽശതമാനം കുറയാനും സാദ്ധ്യതയുണ്ട്. ഇതെല്ലാം സ്വർണ്ണത്തിന് അനുകൂല ഘടകങ്ങളാണ്.

അന്താരാഷ്ട്ര വിപണിയിൽ വലിയ അനിശ്ചിതത്വങ്ങളുണ്ടാകുമ്പോഴും ആഗോള സാമ്പത്തിക മേഖലയിൽ കനത്ത ഇടിവുണ്ടാകുമ്പോഴും സ്വർണ്ണത്തിന് വലിയ ചാഞ്ചാട്ടമില്ലാതെ തുടരുകയോ വില ഉയരുകയോ ആണ് ചെയ്യാറുള്ളത്. ഇത് സ്വർണ്ണം സുരക്ഷിത നിക്ഷേപമാണെന്ന വിശ്വാസം നിക്ഷേപകരിൽ അടിയുറച്ചതാക്കി.

അതേസമയം, ഡോളറിൽ ആശ്രയിക്കാതിരിക്കാൻ സെൻട്രൽ ബാങ്കുകൾ സ്വർണ്ണം വാങ്ങിക്കൂട്ടിയതാണ് നിലവിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിച്ചതെന്നും ഈ രംഗത്തെ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു. പോളണ്ട്, തുർക്കി, ഇന്ത്യ, അസർബൈജാൻ, ചൈന തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമായും കഴിഞ്ഞ 3 വർഷങ്ങൾക്കിടെ ഏറ്റവും കൂടുതൽ സ്വർണ്ണം വാങ്ങിയത്.

സാ​ധാ​ര​ണ​ക്കാ​ര​ന്റെ​ ​കൈ​വ​ശ​മു​ള്ള​ ​സ്വ​ർ​ണ്ണ​ത്തി​നും​ ​വി​ല​ ​വ​ർ​ദ്ധി​ക്കു​ക​യാ​ണ്.​ ​വാ​ങ്ങു​ന്ന​ ​തൂ​ക്ക​ത്തി​ന്റെ​ ​തോ​തി​ൽ​ ​കു​റ​വ് ​വ​ന്നു​ ​എ​ന്ന് ​മാ​ത്ര​മേ​യു​ള്ളൂ.​ ​വി​വാ​ഹ​ ​പാ​ർ​ട്ടി​ക​ൾ​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ 10​ ​ല​ക്ഷം​ ​രൂ​പ​യ്ക്കാ​ണ് ​വാ​ങ്ങി​യ​ത് ​എ​ങ്കി​ൽ​ ​ഈ​ ​വ​ർ​ഷ​വും​ 10​ ​ല​ക്ഷം​ ​രൂ​പ​യ്ക്ക് ​ത​ന്നെ​ ​വാ​ങ്ങും.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​പ​ത്ത് ​പ​വ​ൻ​ ​കി​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ൽ​ ​ഇ​ത്ത​വ​ണ​ ​എ​ട്ടു​വ​രെ​ ​കി​ട്ടും.
അഡ്വ. അ​ബ്ദു​ൾ​ ​നാ​സർ
സം​സ്ഥാ​ന​ ജ​ന​. സെ​ക്ര​ട്ട​റി​
​ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ​
മ​ർ​ച്ച​ന്റ്സ് അ​സോ​സി​യേ​ഷ​ൻ

അന്താരാഷ്ട്ര സ്വർണവില

2008ൽ - 1000 ഡോളർ

2011ൽ - 2000 ഡോളർ

2021ൽ - 3000 ഡോളർ

2025ൽ - 4000 ഡോളർ

2000 ടൺ- കേരളത്തിലെ ആളുകളുടെ കൈവശമുള്ള സ്വർണം