
ന്യൂഡല്‍ഹി: ഭൂമി ഇടപാട് നടത്തുമ്പോള്‍ രേഖകള്‍ കൃത്യമായി ഉപയോഗിക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്. ചെറിയൊരു വീഴ്ച സംഭവിച്ചാല്‍ പോലും അത് ഭൂമി ഇടപാടിനെ ബാധിക്കും. അതുകൊണ്ട് തന്നെ ഒന്നിലധികം തവണ പരിശോധിച്ച് ഉറപ്പ് വരുത്തിയാണ് പലരും ഭൂമി ഇടപാട് രേഖകള്‍ സമര്‍പ്പിക്കുന്നത്. എന്നാല്‍ മനപൂര്‍വം തട്ടിപ്പ് നടത്താനും തുക കുറച്ച് കാണിക്കാനുമൊക്കെ ചിലര്‍ കൃത്രിമ രേഖകള്‍ ഉപയോഗിക്കാറുണ്ട്. ഇത്തരക്കാര്‍ക്കാണ് പണി വരാന്‍ പോകുന്നത്.
ഭൂമി ഇടപാട് നടത്തുന്നതിന് ഇന്ന് പാന്‍ കാര്‍ഡ് അത്യാവശ്യമായ കാര്യമായി മാറിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ പോലും ക്രമക്കേട് കാണിക്കുന്ന സംഘങ്ങളെ പൂട്ടാന്‍ ഒരുങ്ങുകയാണ് ആദായ നികുതി വകുപ്പ്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തുമ്പോള്‍ പാന്‍ നമ്പര്‍ വിവരങ്ങള്‍ മനഃപൂര്‍വം തെറ്റായി രേഖപ്പെടുത്തുന്നതിലൂടെയും, വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നതിലൂടെയും രാജ്യവ്യാപകമായി ആയിരക്കണക്കിന് സ്വത്ത് ഇടപാടുകള്‍ ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടാതെ പോയതായി സംശയം.
ഇത്തരത്തില്‍ നടത്തിയ വെട്ടിപ്പിന്റെ വിവരങ്ങള്‍ കണ്ടെത്താനായി നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി വസ്തു രജിസ്ട്രാര്‍മാരുടെ ഓഫിസുകളിലെ രേഖകള്‍ പരിശോധിച്ചു വരികയാണ്. 30 ലക്ഷം രൂപയോ അതില്‍ കൂടുതലോ വിലയുള്ള വസ്തുക്കളുടെ വാങ്ങല്‍ - വില്‍ക്കല്‍ വിവരങ്ങള്‍ റജിസ്ട്രാര്‍ ഓഫിസുകള്‍ നികുതി വകുപ്പിന് കൈമാറണം എന്നാണ് നിയമം.
എന്നാല്‍, ചില റജിസ്ട്രാര്‍ ഓഫിസുകളിലെ ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച്, വസ്തു വില്‍ക്കുന്നവരും വാങ്ങുന്നവരും ചേര്‍ന്ന് ഈ ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ, അല്ലെങ്കില്‍ തെറ്റായ പാന്‍ നമ്പറുകളോ പേരുകളോ നല്‍കുന്ന സംഭവങ്ങളുണ്ടെന്നാണ് ആദായനികുതി വകുപ്പിന് ലഭിച്ചിരിക്കുന്ന വിവരം.