
നെയ്‌പിഡോ: മ്യാൻമറിൽ പട്ടാള ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ കുട്ടികളടക്കം 24 പേർ കൊല്ലപ്പെട്ടു. 47 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരുടെ എണ്ണം 40ഓളം വരുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുമുണ്ട്. മദ്ധ്യ മ്യാൻമറിലെ സാഗൈങ്ങ് മേഖലയിലെ ചൗങ്ങ് യു ടൗൺഷിപ്പിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ബുദ്ധമത ആഘോഷമായ താഡിംഗ്യൂട്ട് ഉത്സവ ദിനത്തിൽ സൈന്യത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാൻ ഒത്തുകൂടിയവർക്ക് മുകളിലേക്ക് പാരാഗ്ലൈഡറുകൾ വഴി ബോംബിടുകയായിരുന്നു. സൈന്യവും വിമത ഗ്രൂപ്പുകളും തമ്മിൽ പോരാട്ടം രൂക്ഷമായ പ്രദേശമാണ് സാഗൈങ്ങ്. 2021 ഫെബ്രുവരിയിലെ പട്ടാള അട്ടിമറിക്ക് പിന്നാലെ മ്യാൻമറിൽ ആഭ്യന്തര സംഘർഷം തുടരുകയാണ്.