
മുംബയ്: നവി മുംബയ് വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 19650 കോടി മുതൽമുടക്കിൽ ഗ്രീൻഫീൽഡ് പദ്ധതിയായാണ് വിമാനത്താവളം നിർമ്മിക്കുന്നത്. ആദ്യ ഘട്ടത്തിൽ പ്രതിവർഷം 2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1160 ഹെക്ടറിലായി വ്യാപിച്ചു കിടക്കുന്ന ഈ വിമാനത്താവളം ഇന്ത്യയുടെ വ്യോമയാന മേഖലയിൽ ഒരു നാഴികക്കല്ലാകും, ഛത്രപതി ശിവജി വിമാനത്താവളത്തിലെ തിരക്കും ഇതിലൂടെ കുറയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, നിർമ്മാണം പൂർത്തിയാകുന്നതോടെ ലണ്ടൻ, ടോക്കിയോ, ന്യൂയോർക്ക് പോലുള്ള മൾട്ടി എയർപോർട്ട് നഗരങ്ങളുടെ നിരയിലേക്ക് മുംബയ് ഉയരും. ഏഷ്യയിലെ ഏറ്റവും വലിയ കണക്ടിവിറ്രി ഹബ്ബായിരിക്കും വിമാനത്താവളമെന്നാണ് ഔദ്യോഗിക ഉദ്ഘാടനത്തിനിടെ പ്രധാനമന്ത്രി പ്രസംഗിച്ചത്.
'' നവി മുംബയ് അന്താരാഷ്ട്ര വിമാനത്താവളം'വീക്ഷിത് ഭാരതത്തെ പ്രതിഫലിപ്പിക്കുന്ന ഒരു പദ്ധതിയാണ്. ഈ പുതിയ വിമാനത്താവളത്തിലൂടെ മഹാരാഷ്ട്രയിലെ കർഷകരെ മിഡിൽ ഈസ്റ്റിലെയും യൂറോപ്പിലെയും വിപണികളുമായി ബന്ധിപ്പിക്കാൻ കഴിയും. ഇത് പുതിയ നിക്ഷേപങ്ങളെയും ബിസിനസുകളെയും പ്രദേശത്തേക്ക് ആകർഷിക്കും'' എന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ വിമാനത്താവളങ്ങളും താങ്ങാവുന്ന വിലയിൽ വിമാനയാത്രയൊരുക്കുന്ന ഉഡാൻ പദ്ധതിയും രാജ്യത്ത് വിമാനയാത്ര എളുപ്പമാക്കിയെന്നും മോദി പറഞ്ഞു.
ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപായി വിമാനത്താവളത്തിന്റെ പൂർത്തിയാക്കിയ ഭാഗങ്ങൾ പ്രധാനമന്ത്രി നടന്നുകണ്ടു.
കേന്ദ്ര മന്ത്രി കിഞ്ചരപു രാംമോഹൻ നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
മുംബയ് ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും സിഡ്കോയും തമ്മിലുള്ള പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് വിമാനത്താവളം നിർമ്മിക്കുന്നത്.