porshe

മുംബയ്: ബിഎംഡബ്ല്യുവുമായി നടത്തിയ മത്സരയോട്ടത്തിനിടെ നിയന്ത്രണം വിട്ട പോർഷേ കാർ ഡിവൈഡറിൽ ഇടിച്ചുകയറി. വാഹനത്തിന്റെ ഒരു ഭാഗം പൂർണ്ണമായി തകർന്നു. ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഗുണ്ടാവാലി മെട്രോസ്റ്റേഷന് സമീപം മുംബയ് എക്‌സ്‌പ്രസ് ഹൈവേയിൽ പുലർച്ചെ രണ്ടരയോടെ ആയിരുന്നു സംഭവം. അമിതവേഗതയിൽ അശ്രദ്ധമായാണ് പോർഷെ കാർ ഓടിച്ചിരുന്നത് എന്നാണ് വിവരം. കാർ ഡ്രൈവർക്ക് എതിരെ ജോഗേശ്വരി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ ദേശീയ വാർത്താ ഏജൻസികൾ പങ്ക് വച്ചു. അപകടത്തിന്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുംബയിൽ അമിതവേഗത്തിൽ പായുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. തീരദേശ റോഡിലെ സംരക്ഷണഭിത്തി തകർത്ത് ഒരു കാർ കടലിലേക്ക് മറിഞ്ഞ് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും അപകടമുണ്ടായിരിക്കുന്നത്. ഫ്രഷോഗർ ദരായുഷ് ബട്ടിവാല എന്ന 29 കാരൻ മദ്യപിച്ചാണ് എർട്ടിഗ കാർ ഓടിച്ചിരുന്നത്. അമിതവേഗയിൽ ഇയാൾക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞത്. രാത്രി 11 മണിയോടെയായിരുന്നു അപകടം.

അപകടസമയത്ത് പരിസരത്തുണ്ടായിരുന്ന മഹാരാഷ്ട്ര സുരക്ഷാസേനയിലെ ഉദ്യോഗസ്ഥരാണ് ഇയാളെ രക്ഷിച്ചത്. കയർ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ ഇയാളെ കാറിന് പുറത്തെടുത്തത്. നിസാരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.