
കാമുകിയുമായോ ഭാര്യയുമായോ നടത്തുന്ന സ്വകാര്യ സംഭാഷണങ്ങൾ മറ്റുള്ളവർ കേട്ടാൽ എന്താവും അവസ്ഥ. ഇതിനൊപ്പം സ്വകാര്യ നിമിഷങ്ങൾ കാണുവാൻ കൂടി ഇടയായാലോ? ഇത്തരമൊരു അവസ്ഥയിലൂടെയാണ് നമ്മുടെ അയൽരാജ്യമായ പാകിസ്ഥാൻ ഇപ്പോൾ കടന്നുപോകുന്നത്. മറ്റൊരു അയൽരാജ്യമായ ചൈനയിൽ ജനങ്ങളെ അധികാരികൾ നിരീക്ഷിക്കുന്നുണ്ടെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇതിനെക്കാൾ കടന്ന നിരീക്ഷണമാണ് പാകിസ്ഥാനിൽ നടക്കുന്നതെന്നാണ് റിപ്പോർട്ട്. രാജ്യത്തെ ജനസംഖ്യയിൽ ഭൂരിപക്ഷംപേരും ഇത്തരം നിരീക്ഷണത്തിനുകീഴെയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രശ്നക്കാരെന്ന് കണ്ടെത്തുന്നവരെ രണ്ടുതലങ്ങളിലുള്ള നിരീക്ഷണത്തിനാണ് വിധേയരാക്കുന്നത്.
കൂട്ട് ചൈന
സ്വന്തം രാജ്യത്ത് സാങ്കേതിക വിദ്യ അധികം വികാസം പ്രാപിച്ചിട്ടില്ലാത്തതിനാൽ ചൈന ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ വികസിപ്പിച്ചെടുത്ത നിരീക്ഷണ സംവിധാനങ്ങളാണ് പാകിസ്ഥാൻ ഉപയോഗിക്കുന്നത്. ഇതിൽ കൂടുതലും ചൈനീസ് നിർമ്മിത ഡിജിറ്റൽ ഉപകരണങ്ങളാണ്. അന്നത്തിന് വകയില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ വൻ തുക കൊടുത്താണ് ഇത്തരം നിരീക്ഷണ സംവിധാനങ്ങൾ രാജ്യത്ത് നടപ്പാക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും നിലനില്പിനും ഭീഷണിയാണെന്ന് കാണുന്ന വ്യക്തികളെയും ഗ്രൂപ്പുകളെയും ഇത്തരത്തിൽ നിരീക്ഷിക്കാറുണ്ട്. അത് മറ്റുപൗരന്മാരുടെയും രാജ്യത്തിന്റെയും സുരക്ഷയെക്കരുതിയാണ്. എന്നാൽ പാകിസ്ഥാനിൽ അങ്ങനെയല്ല കാര്യങ്ങളുടെ പോക്ക്.
രണ്ട് തലം
ഈച്ച അനങ്ങിയാൽ അതും അറിയുന്നപോലുളള സംവിധാനമാണ് പാകിസ്ഥാൻ സ്വന്തം ജനങ്ങളെ നിരീക്ഷിക്കാൻ ഉപയോഗിക്കുന്നത്. ഇന്റർനെറ്റ് ലഭ്യത തടയാൻ കഴിയുന്ന ഒരു ഫയർവാളായി പ്രവർത്തിക്കുന്ന വെബ് മോണിറ്ററിംഗ് സിസ്റ്റമാണ് ഒന്നാമത്തേത്. യുഎസ് കമ്പനിയായ നയാഗ്ര നെറ്റ്‌വർക്കിന്റെ ഉപകരണങ്ങളും ഫ്രാൻസിലെ തേൽസ് ഡിഐഎസിൽ നിന്നുള്ള സോഫ്‌ട്‌വെയറും ചൈനയുടെ സെർവറുകളുമാണ് ഇതിനായി ഉപയോഗിക്കുന്നത്.
വിപിഎന്നുകൾ, ചില വെബ്സൈറ്റുകൾ, ഫോൺവിളികൾ,ടെക്സ്റ്റ് മെസേജുകൾ, സോഷ്യൽ മീഡിയകൾ, ജിയോ ലൊക്കേഷൻ ഡാറ്റകൾ എന്നിവ ചോർത്താൻ ഉപയോഗിക്കുന്ന ലോഫുൾ ഇന്റർസെപ്റ്റ് മനേജ്‌മെന്റ് സിസ്റ്റം ആണ് രണ്ടാമത്തേത്. ഒരാളുടെ സ്വകാര്യതയിലേക്ക് ഏറ്റവുംകൂടുതൽ കടന്നുകയറുന്നത് ഈ നിരീക്ഷണ സംവിധാനമുപയോഗിച്ചാണ്. ഉപഭോക്താക്കൾ അറിയാതെ വിവരങ്ങൾ മുഴുവൻ ചോർത്താൻ കഴിയുന്ന ലിംസ് എന്ന സാങ്കേതിക വിദ്യ നിർബന്ധമായും ഉപയോഗിക്കണമെന്ന് രാജ്യത്തെ പ്രമുഖ മൊബൈൽഫോൺ സേവന ദാതാക്കളോട് അധികൃതർ രഹസ്യമായി ആവശ്യപ്പെട്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിലൂടെ ഒരുവ്യക്തിയുടെ സ്വകാര്യ നിമിഷങ്ങൾ ഉൾപ്പെടെ എല്ലാം ചോർത്തിയെടുക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
അധികാരപ്പേടി
ആളുകളെ മൊത്തത്തിൽ നിരീക്ഷിക്കുന്നത് പാകിസ്ഥാനിൽ പുതുമയുള്ള കാര്യമാണെങ്കിൽ നിരീക്ഷണം എന്നത് അവരെ സംബന്ധിച്ച് അങ്ങനെയല്ല. അധികാരത്തിലെത്തുന്നവർ പ്രതിപക്ഷത്തുള്ള ഇത്തരത്തിൽ രഹസ്യമായ നിരീക്ഷിക്കാറുണ്ട്. പലപ്പോഴും ഇത് വൻ വിവാദമാവുകയും ചെയ്യാറുണ്ട്. തങ്ങളുടെ അധികാരത്തിന് പ്രശ്നമൊന്നുമില്ലെന്ന് ഉറപ്പിക്കാനും കസേര കൂടുതൽ ബലപ്പെടുത്താനുമാണ് ഇങ്ങനെ ചെയ്തിരുന്നത്. അനുദിനം തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന പാകിസ്ഥാനിൽ കാര്യങ്ങൾ എല്ലാം കൈവിട്ട അവസ്ഥയിലാണ്. സർക്കാരിനെതിരെ രാജ്യത്ത് പലയിടത്തും കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്നുണ്ട്. ഇത് നിയന്ത്രിക്കാൻ പൊലീസിനും ഭരണത്തിനും ആവുന്നില്ല. അടുത്തിടെ പാക് അധീന കാശ്മീരിൽ കലാപം അവസാനിപ്പിക്കാൻ പ്രതിഷേധക്കാൻ മുന്നോട്ടുവച്ച ഒട്ടുമിക്ക ആവശ്യങ്ങളും സർക്കാരിന് അംഗീകരിക്കേണ്ടിവന്നു. പാക് അധീനകാശ്മീരിനൊപ്പം രാജ്യത്തെ മറ്റുപലയിടങ്ങളിലും സർക്കാരിനെതിരായ കലാപങ്ങൾ കൂടിവരികയാണ്.