dog

മനുഷ്യർ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് നിങ്ങൾ വാർത്തകളിൽ കേട്ടിട്ടുണ്ടാകും. എന്നാൽ മൃഗങ്ങൾ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ അങ്ങനെ ഒരു സംഭവം ഉണ്ട്. സ്‌കോട്‌ലൻഡിലെ ഡംബാർട്ടിന് സമീപമുള്ള ഒരു പാലത്തിൽ നായ്ക്കൾ ആത്മഹ്യചെയ്യുമെന്നാണ് നാട്ടുകാർ പറയുന്നത്. ഓവർടൻ ബ്രിഡ്ജ് എന്നാണ് ഈ പാലത്തിന്റെ പേര്. 1895ൽ പണിത ഈ പാലം ഓവർടൻ ഹൗസ് എസ്റ്റേറ്റിലേക്ക് ബന്ധിപ്പിക്കുന്നതാണ്.

എന്നാൽ 150 മുതലുള്ള കാലയളവിൽ ഏകദേശം 150 ഓളം നായകളാണ് പലപ്പോഴായി ഈ പാലത്തിൽ നിന്ന് ചാടിയത്. ഇവയിൽ പലതിനും ഗുരുതരമായ പരിക്കും മരണവും സംഭവിച്ചിട്ടുണ്ട്. ഇത് തുടർന്നതോടെ ഡോഗ് സൂയിസെെഡ് ബ്രിഡ്ജ് എന്ന് ഇതിനെ ആളുകൾ വിളിക്കാൻ തുടങ്ങി. എന്നാൽ നായ്‌ക്കൾക്ക് ആത്മഹത്യാചിന്തയെന്നും വരില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. പിന്നെ എങ്ങനെയാണ് ഇത് സംഭവിക്കുന്നതെന്ന് ഇന്നും നിഗൂഢമാണ്.

നായ്ക്കൾ പലപ്പോഴും പാലത്തിന്റെ ഒരേ സ്‌പോട്ടിൽ നിന്നാണ് ചാടുന്നതെന്നും പ്രദേശവാസികൾ പറയുന്നു. എന്തോ ഒന്ന് അവിടെയെത്തുന്ന നായ്ക്കളെ താഴേക്ക് ചാടാൻ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ഈ പാലത്തിൽ പ്രേതം ഉണ്ടെന്നും വിശ്വസിക്കുന്നവരുമുണ്ട്. 2010ൽ സ്‌കോട്‌ലൻഡിലെ മൃഗ സംരക്ഷണ സമിതി ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ഒരു പ്രതിനിധിയെ അവിടേക്ക് അയച്ചു. എന്നാൽ അദ്ദേഹത്തിനും കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. വിശദീകരിക്കാനാകാത്ത എന്തോ ഒന്ന് ഈ പാലത്തിന് ഉണ്ടെന്ന് അദ്ദേഹം അന്ന് റിപ്പോർട്ടിൽ എഴുതിയിരുന്നു.