
ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള ലോഹങ്ങളിൽ ഒന്നാണ് സ്വർണം. ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളിയായ ഭൂവൽക്കത്തിലാണ് സ്വണം കാണപ്പെടുന്നത്.
എങ്ങനെയാണ് സ്വർണം ഭൂമിയിലെത്തിയതെന്ന് ഇന്നും ഗവേഷകർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രണ്ട് ന്യൂട്രോൺ നക്ഷത്രങ്ങളുടെ കൂട്ടിയിടിയിൽ നിന്നാണ് പ്രപഞ്ചത്തിൽ സ്വർണം രൂപപ്പെടുന്നതെന്നാണ് നിലവിലെ നിഗമനം. സ്വർണവും പണവും എന്താ മരത്തിൽ നിന്നാണോ വരുന്നതെന്ന് ചിലർ തമാശയ്ക്ക് ചോദിക്കാറുണ്ട്. എന്നാൽ ചോദ്യം ഇനി ചിലപ്പോൾ സത്യമായേക്കാം. ഫിൻലാൻഡിൽ നിന്നുള്ള പുതിയ പഠനമാണ് ഈ വിപ്ലവകരമായ മാറ്റത്തെക്കുറിച്ച് വ്യക്തമാക്കിയത്.
സ്വർണം മരത്തിൽ നിന്നോ?
വടക്കൻ ഫിൻലൻഡിലെ നോർവേയിലെ സ്‌പ്രൂസ് മരങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷകരുടേതാണ് പുതിയ കണ്ടെത്തൽ. സ്‌പ്രൂസ് മരത്തിൽ ചെറിയ സ്വർണ നാനോകണങ്ങൾ കണ്ടെത്തിയതായി ഗവേഷകർ പറയുന്നു. ട്രീ നീഡിൽ വസിക്കുന്ന സൂക്ഷ്‌മാണുക്കളുടെ സഹായത്തോടെയാണ് സ്വർണകണികകൾ രൂപം കൊണ്ടതെന്നും ഗവേഷകർ പറയുന്നു.
ഔലു സർവകലാശാലയും ഫിൻലാൻഡിലെ ജിയോളജിക്കൽ സർവേയും ഇതിനെക്കുറിച്ച് പഠനം നടത്തുന്നുണ്ട്. മണ്ണിലുള്ള ഒരു പ്രത്യേകതരം ബാക്ടീരിയയാണ് മരത്തിനുള്ളിൽ ഈ സ്വർണ നാനോകണങ്ങൾ രൂപപ്പെടാൻ സഹായിക്കുന്നത്. ഈ കണ്ടെത്തൽ സ്വർണ പര്യവേഷണത്തിനുള്ള പുതിയ സാദ്ധ്യതകൾ തുറക്കുന്നതായും ഗവേഷകർ പറയുന്നു.

ഈ മരങ്ങളിലെ ഇലകളിലും മറ്റും നടക്കുന്ന രാസപ്രവർത്തനത്തിന്റെ ഭാഗമായി നിരവധി സൂക്ഷ്മാണുകൾ കാണാപ്പെടുന്നു. ഇതിൽ P3OB-42, Cutibacterium, Corynebacterium ഉൾപ്പെട്ടുന്ന ബാക്ടീരിയകൾ ഉള്ള ഭാഗത്താണ് കൂടുതലായി സ്വർണ നാനോ കണങ്ങൾ കണ്ടെത്തിയത്. ഈ ബാക്ടീരിയകൾ സ്വർണ നാനോകണങ്ങൾ ഉണ്ടാക്കാൻ സഹായിക്കുന്ന പരിസ്ഥിതി സൃഷ്ടിക്കുന്നതായും ഗവേഷകർ പറയുന്നു.
വേരുകളിലൂടെ പ്രവേശിക്കുന്ന ബാക്ടീരിയകൾ ഇലകളിലേക്കും തണ്ടുകളിലേക്കും എത്തുന്നു. ഇവ മരങ്ങളിൽ ബയോഫിലിമുകൾ രൂപപ്പെടുത്തുന്നു. ശേഷം സ്വർണനാനോകണങ്ങൾ രൂപപ്പെടുത്താൻ സൂക്ഷ്മ പരിസ്ഥിതികൾ സൃഷ്ടിക്കുന്നു. ശേഷം അവയെ ഉള്ളിൽ തന്നെ നിലനിർത്തും. എന്നാൽ എല്ലാ മരങ്ങളിലും സ്വർണം അടങ്ങിയിട്ടില്ല. ജലപാതകൾ, സൂക്ഷ്മജീവികൾ, പ്രാദേശിക സാഹചര്യങ്ങൾ എന്നിവയെല്ലാം ആശ്രയിച്ചിരിക്കുന്നു.

ഗുണങ്ങൾ
നൂറ്റാണ്ടുകളായി ഖനനത്തിലുടെയാണ് സ്വർണം പുറത്തെടുക്കുന്നത്. ഈ ഖനനം ഭൂമിയ്ക്ക് വളരെ ദോഷകരമാണ്. എന്നാൽ ഇത്തരം സൂക്ഷ്മാണുകളിൽ നിന്ന് സ്വർണ കണങ്ങൾ രൂപപ്പെടുത്താൻ കഴിയുമെങ്കിൽ അത് ഖനനം പോലുള്ള പരിസ്ഥിതി ആഘാതത്തെ കുറയ്ക്കാൻ സഹായിക്കുന്നു. ധാതുപര്യവേഷണത്തിന്റെ കാര്യക്ഷമതയെ മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ഈ കണ്ടെത്തൽ വനങ്ങളെ പ്രകൃതിദത്ത 'ബയോമെെനിംഗ്' സോണുകളാക്കി മാറ്റും.