
തിരുവനന്തപുരം: ശബരിമല വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തളളി ദേവസ്വം മന്ത്രി വി എൻ വാസവൻ. എന്തർത്ഥത്തിലാണ് രാജി ആവശ്യപ്പെടുന്നതെന്ന് മന്ത്രി നിയമസഭയിൽ ചോദിച്ചു. രാജ്യത്തെ ഏതെങ്കിലും ഒരു സ്റ്റേഷനിൽ തനിക്കെതിരായ എഫ്‌ഐആർ ഉണ്ടോയെന്നും അദ്ദേഹം പരിഹസിച്ചു. ശബരിമല ക്ഷേത്രത്തിൽ നിന്ന് ഒരു തരി പൊന്നെങ്കിലും ആരെങ്കിലും അടിച്ചുമാറ്റിയിട്ടുണ്ടെങ്കിൽ കണ്ടെത്തി തിരികെ എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
'കഴിഞ്ഞ മാസം പതിനേഴാം തീയതി ഒരു പ്രമുഖ ചാനലിൽ വ്യവസായിയായ ഉണ്ണികൃഷ്ണൻ പോറ്റി ചില വെളിപ്പെടുത്തലുകൾ നടത്തി. 2019ൽ ശബരിമലയിൽ നിന്നുകൊണ്ടുപോയ ദ്വാരപാലക ശില്പങ്ങളിൽ നാല് കിലോഗ്രാമിന്റെ കുറവുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. 28-ാം തീയതി ഉണ്ണികൃഷ്ണന്റെ ബന്ധുവീട്ടിൽ നിന്ന് ഇത് കണ്ടെടുക്കുന്നു. സ്വർണം കൊണ്ടുപോയ ആൾ തന്നെ ആക്ഷേപം ഉന്നയിക്കുന്നു. ഇക്കാര്യത്തിൽ ഉന്നത തലത്തിൽ അന്വേഷണം വേണം. അല്ലെങ്കിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം. അല്ലാതെ ഞാൻ രാജിവയ്ക്കണമെന്ന് പറയുന്നത് എന്തിനാണ്?
ഇന്ത്യയിൽ എനിക്കെതിരെ ഏതെങ്കിലും എഫ്‌ഐആർ ഉണ്ടോ? ശബരിമലയിൽ നിന്ന് ആരെങ്കിലും ഒരു തരി പൊന്ന് അടിച്ചുമാറ്റിയിട്ടുണ്ടെങ്കിൽ അത് കണ്ടെത്തി തിരിച്ചെത്തിക്കാനും അത് ചെയ്തവനെതിരെ കർശന നടപടിയെടുക്കാനും കഴിവുളള സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്'- മന്ത്രി പറഞ്ഞു.
ശബരിമലയിലെ സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഇന്നും സഭയിൽ പ്രതിഷേധിച്ചിരുന്നു. സ്പീക്കർ എ എൻ ഷംസീറിന്റെ മുന്നിൽ ബാനയുയർത്തിയാണ് പ്രതിഷേധിച്ചത്. ഇതോടെ സഭ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് സ്പീക്കർ അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയ്മിംഗ് നടത്തിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.