
ന്യൂഡൽഹി: 2021ലെ വാടകഗർഭധാരണനിയമ പ്രകാരമുള്ള പ്രായപരിധി മുൻകാലപ്രാബല്യമുള്ള ദമ്പതികൾക്ക് ബാധകമാകില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് ഭ്രൂണങ്ങൾ മരവിപ്പിച്ച് സൂക്ഷിച്ചവർക്കും വാടക ഗർഭധാരണ പ്രക്രിയ ആരംഭിച്ച ദമ്പതികൾക്കും പ്രായപരിധി ബാധകമാകില്ലെന്ന് സുപ്രീംകോടതി ഉത്തവിൽ പറയുന്നു.
വാടകഗർഭധാരണം നടത്താനുള്ള അവരുടെ അവകാശങ്ങൾ സ്ഥിരപ്പെട്ടു കഴിഞ്ഞെന്നും അതിനാൽ, 2021ലെ നിയമത്തിലെ പ്രായപരിധി സംബന്ധിച്ച വ്യവസ്ഥകൾക്ക് ആ അവകാശങ്ങളെ അസാധുവാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
2021ൽ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് വാടകഗർഭധാരണ പ്രക്രിയകൾ ആരംഭിച്ച ദമ്പതികൾ സമർപ്പിച്ച ഹർജിയിന്മേലാണ് കോടതി വിധി പറഞ്ഞത്. മുൻപ് പ്രായപരിധി സംബന്ധിച്ച് നിയമങ്ങൾ ഉണ്ടായിരുന്നില്ല. അതിനാൽ, ഇപ്പോഴത്തെ പ്രായപരിധിക്ക് മുകളിലുള്ളവർക്കും പ്രായം ബാധകമാകാതെ ഗർഭധാരണ നടപടികൾ സൗജന്യമായിരുന്നു.
2022 ജനുവരി 25 നാണ് കർശനമായി പ്രായപരിധി ഏർപ്പെടുത്തുന്ന വാടകഗർഭധാരണ നിയമം പ്രാബല്യത്തിൽ വന്നത്. അതുപ്രകാരം സ്ത്രീക്ക് 23 മുതൽ 50 വയസിനും പുരുഷന് 26 മുതൽ 55 വയസിനും ഇടയിൽ പ്രായം ഉണ്ടായിരിക്കണം. നിയമം നടപ്പാക്കുന്നതിന് മുൻപ് ഭ്രൂണം സംരക്ഷിച്ച നിരവധി ദമ്പതികൾ ഈ വ്യവസ്ഥയെ ചോദ്യം ചെയ്തു.
വാടകഗർഭധാരണത്തിലൂടെ ജനിക്കുന്ന കുട്ടികളുടെ ക്ഷേമം സംരക്ഷിക്കുന്നതിനാണ് പ്രായപരിധി കൊണ്ട് വന്നതെന്ന് കേന്ദ്രം വാദിച്ചു. പ്രായമായ മാതാപിതാക്കൾക്ക് ഒരു കുട്ടിയുടെ ദീർഘകാല ആവശ്യങ്ങൾ നിറവേറ്റാൻ കഴിയെല്ലെന്നാണ് കേന്ദ്രം ഇതിലൂടെ സൂചിപ്പിച്ചത്. എന്നാൽ, പ്രായപരിധിയ്ക്ക് മുകളിലുള്ള ദമ്പതികളുടെ രക്ഷകർതൃ കഴിവുകൾ ചോദ്യം ചെയ്യേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമല്ലെന്ന് കോടതി വ്യക്തമാക്കി.പാർലമെന്റിന്റെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യുന്നില്ലെന്നും നിയമം നിലവിൽ വരുന്നതിന് മുൻപ് പ്രക്രിയകൾ ആരംഭിച്ച ദമ്പതികളുടെ അവകാശങ്ങളെയാണ് അഭിസംബോധന ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി.