
ഷെയ്‌ൻ നിഗത്തിന്റെ പാൻ ഇന്ത്യൻ ചിത്രം ഹാലിന് വെട്ടിത്തിരുത്തലുകൾ നിർദേശിച്ച് സെൻസർ ബോർഡ് (സിബിഎഫ്‌സി). ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണമെന്നാണ് പ്രധാന നിർദേശം. ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി, ഗണപതിവട്ടം തുടങ്ങിയ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും നിർദേശമുണ്ട്. നായിക പർദ്ദ ധരിക്കുന്ന രംഗം നീക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ചിത്രത്തിലെ 15 സീനുകൾ മാറ്റാനാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് സിബിഎഫ്‌സിയുടെ നിലപാട്. അതേസമയം, സെൻസർ ബോർഡിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കൾ.
സമയബന്ധിതമായി സെൻസറിംഗ് പൂർത്തിയാക്കാൻ പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കണമെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഹാലിന്റെ അണിയറപ്രവർത്തകർ ആവശ്യപ്പെടുന്നു. 'സിനിമയിൽ വയലൻസോ ന്യൂഡിറ്റിയോ ഇല്ല. എന്നിട്ടും എ സർട്ടിഫിക്കറ്റ് നൽകുമെന്നാണ് സിബിഎഫ്‌സി അറിയിച്ചത്. സമൂഹത്തിൽ നടക്കുന്ന പ്രശ്‌നങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഒരു മതത്തെയോ രാഷ്ട്രീയപാർട്ടിയെയോ അപമാനിച്ചിട്ടില്ല.
ബീഫ് ബിരിയാണിയല്ല, മട്ടൻ ബിരിയാണി കഴിക്കുന്ന രംഗമാണ് ചിത്രത്തിലുള്ളത്. ഷൂട്ടിംഗ് ലൊക്കേഷനിൽ ബീഫ് ബിരിയാണി കിട്ടിയിരുന്നില്ല. പക്ഷേ ബീഫ് ബിരിയാണി കഴിക്കാമെന്ന് ചിത്രത്തിൽ പറയുന്നുണ്ട്. സിനിമയിലൂടെ നല്ല സന്ദേശം നൽകാനാണ് ശ്രമിച്ചത്'- അണിയറപ്രവർത്തകർ വ്യക്തമാക്കി.
വീര സംവിധാനം ചെയ്ത ഹാൽ സംഗീതപ്രാധാന്യമുള്ള സിനിമയാണ്. വൈദ്യ സാക്ഷിയാണ് ചിത്രത്തിലെ നായിക. നിഷാദ് കോയ രചന നിർവഹിച്ചിരിക്കുന്നു. ജെവിജെ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം.