
ചുട്ടയിലെ ശീലം ചുടലവരെ എന്ന് പറയാറുണ്ട്. ചെറുപ്പത്തിൽ പഠിക്കുന്ന നല്ല ശീലങ്ങൾ പലപ്പോഴും ജീവിതകാലം മുഴുവൻ നമ്മിൽ നിലനിൽക്കും. അത്തരം ശീലങ്ങൾ നമ്മുടെ സ്വഭാവത്തെ രൂപപ്പെടുത്താനും സഹായിക്കുന്നു. ഉദാഹരണത്തിന്, കുട്ടികളെ, പ്രത്യേകിച്ച് ആൺകുട്ടികളെ സ്ത്രീകളെ ബഹുമാനിക്കാൻ പഠിപ്പിക്കുക. ഇതുവഴി അവർ ഉത്തരവാദിത്തമുള്ള, സഹാനുഭൂതിയുള്ള വ്യക്തിയായി വളരും. അത്തരത്തിൽ തന്റെ മകനെ ഉപദേശിക്കുന്ന ഒരു പിതാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
അച്ഛനും മകനും കാറിലിരിക്കുകയാണ്. ഇതിനിടയിൽ ആ പിതാവ് മകനോട് പ്രിയപ്പെട്ട സൂപ്പർ ഹീറോയെക്കുറിച്ച് ചോദിക്കുന്നു. കുട്ടി ഉടൻ തന്നെ അയൺ മാൻ എന്ന് മറുപടി നൽകുന്നു. സ്ത്രീകളെ ബഹുമാനിക്കുന്നവനാണ് യഥാർത്ഥ സൂപ്പർഹീറോ എന്ന നിലയിലേക്ക് പിതാവ് ആ സംഭാഷണം എത്തിക്കുകയാണ്. മകനോട് അവന്റെ അമ്മ ചെയ്യുന്ന എല്ലാ കഠിനാദ്ധ്വാനങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നു.
കുടുംബത്തിന് ഭക്ഷണം തയ്യാറാക്കുന്നതും, ഉച്ചഭക്ഷണം പായ്ക്ക് ചെയ്യുന്നതും, സ്‌കൂളിലേക്ക് അയയ്ക്കുന്നത്, ഇളയ സഹോദരനെ പരിപാലിക്കുന്നതുമടക്കമുള്ള കാര്യങ്ങൾ തന്റെ ഭാര്യ അതായത് നിന്റെ അമ്മയാണ് ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
വീട്ടുജോലിയെല്ലാം പെട്ടെന്ന് തീർത്ത് തന്റെ ഭാര്യ ഓഫീസിലേക്ക് പോകും, വീട്ടിൽ തിരിച്ചെത്തിയ ശേഷം അവൾ ഗൃഹപാഠം ചെയ്യാൻ നിങ്ങളെ സഹായിക്കുന്നുവെന്ന് അച്ഛൻ വിശദീകരിക്കുന്നു. 'എല്ലാവരുടെയും ജീവിതം എളുപ്പമാക്കുന്നതിന് സ്ത്രീകൾ നിസ്വാർത്ഥമായി പ്രയത്നിക്കുന്നു. ഇത് അഭിനന്ദനം അർഹിക്കുന്നു. ഒരിക്കലും അമ്മയോട് മോശമായി സംസാരിക്കരുത്. അമ്മയോട് ശബ്ദമുയർത്തുകയോ, തർക്കുത്തരം പറയുകയോ ചെയ്യരുത്. ശാരീരികമായി പുരുഷന്മാർ സ്ത്രീകളേക്കാൾ ശക്തരാണ്. സ്ത്രീകളെ സംരക്ഷിക്കുകയും ആരെങ്കിലും അവരെ ഉപദ്രവിക്കമ്പോൾ ഉടനടി എതിർക്കുകയും ചെയ്യേണ്ടത് പുരുഷന്റെ കടമയാണ്. സ്ത്രീകളെ ബഹുമാനിക്കുന്നവനാണ് യഥാർത്ഥ സൂപ്പർ ഹീറോ. സ്ത്രീകളെ എപ്പോഴും ബഹുമാനിക്കുക' - എന്നാണ് അദ്ദേഹം മകന് നൽകുന്ന പാഠം. ഇതെല്ലാം കേട്ടുകൊണ്ട് അച്ഛൻ പറയുന്നതാണ് ശരിയെന്ന് മകൻ സമ്മതിക്കുന്നു.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ വളരെപ്പെട്ടന്നുതന്നെ വൈറലായി. നിരവധി പേരാണ് ഇത്തരമൊരു ഉപദേശം നൽകിയ കുട്ടിയുടെ പിതാവിനെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്‌തിരിക്കുന്നത്. ഭാര്യയെക്കുറിച്ച് മക്കളോട് ഇങ്ങനെ സംസാരിക്കുന്ന പുരുഷന്മാർ വളരെ ചുരുക്കമായിരിക്കും, ഭാര്യ ഭാഗ്യവതിയാണ്, നല്ലൊരു അച്ഛൻ മാത്രമല്ല, മികച്ചൊരു ഭർത്താവ് കൂടിയാണ് തുടങ്ങിയ കമന്റുകളാണ് വീഡിയോയ്‌ക്ക് വരുന്നത്.