
മലയാളി സിനിമാ പ്രേക്ഷകർക്ക് ഒരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത നടനാണ് ജനാര്‍ദ്ദനന്‍. വില്ലനായും, ഹാസ്യനടനായും കാരക്ടര്‍ റോളുകളിലും കഴിഞ്ഞ 53 വര്‍ഷങ്ങളായി മലയാള സിനിമയ്ക്ക് നിരവധി നല്ല കഥാപാത്രങ്ങളെ അദ്ദേഹം സമ്മാനിച്ചു. അടുത്തിടെ തീയേറ്ററുകളിലെത്തിയ മോഹൻലാൽ ചിത്രം ഹൃദയപൂർവത്തിലും അദ്ദേഹം നല്ലൊരു വേഷം അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിലുണ്ടായ ചില അനുഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് ജനാർദ്ദനൻ. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ചില കാര്യങ്ങൾ പറഞ്ഞത്.
'അവിചാരിതമായാണ് ഞാൻ സിനിമയിലേക്കെത്തുന്നത്. ആദ്യസമയങ്ങളിൽ കൂടുതലും വില്ലൻ വേഷങ്ങളാണ് ചെയ്തിരുന്നത്. സ്ത്രീകൾ എന്നോട് സംസാരിക്കില്ലായിരുന്നു. ലൊക്കേഷനിലുളളവർ പോലും എന്നെ തിരിഞ്ഞുനോക്കില്ലായിരുന്നു. ജയറാം നായകനായ മേലേപറമ്പിൽ ആൺവീടെന്ന ചിത്രം മുതലാണ് ഹാസ്യവേഷങ്ങൾ ചെയ്ത് തുടങ്ങിയത്.
പ്രേംനസീർ മുതൽ ഇപ്പോഴുളള പല പ്രമുഖ നടൻമാരോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. പണ്ടത്തെ ആളുകളോടൊപ്പം പ്രവർത്തിക്കുന്ന സൗഹൃദം ഇപ്പോഴുളളവരോടില്ല. അവർ അധികം അടുപ്പം കാണിക്കാറുമില്ല. ഇപ്പോൾ പലരും സിനിമയ്ക്കുവേണ്ടിയാണ് കഥയുണ്ടാക്കുന്നത്. പണ്ട് അങ്ങനെയല്ലായിരുന്നു. സിനിമയിൽ അധികം ആരുമായും സൗഹൃദം കാത്തിസൂക്ഷിക്കാറില്ല. സിനിമാക്കാരനായി ജീവിച്ചിട്ടില്ല. സിനിമയെ തൊഴിലായിട്ട് മാത്രമേ കണ്ടിട്ടുളളൂ. ജീവിതത്തിലോട്ട് ഞാൻ അഭിനയം കൊണ്ടുവരാറില്ല. അങ്ങനെ ചെയ്താൽ ജീവിതം നശിച്ചുപോകും'- ജനാർദ്ദനൻ പങ്കുവച്ചു. ഭാര്യയുടെ മരണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഭാര്യയ്ക്കുപകരം വേറെ ആരെയും കിട്ടില്ലല്ലോയെന്നും അങ്ങനെയൊരാളെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും ജനാർദ്ദനൻ കൂട്ടിച്ചേർത്തു.