iaf-

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ 93-ാമത് വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള വിരുന്നിലെ ഭക്ഷണമെനുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം വൈറലാവുന്നത്. ഭീകരവിരുദ്ധ ഓപ്പറേഷനുകളിൽ ഇന്ത്യ തകർത്ത പാകിസ്ഥാൻ വ്യോമത്താവളങ്ങളുടെ പേരുകളാണ് വിഭവങ്ങൾക്ക് നൽകിയിരിക്കുന്നത്. പാകിസ്ഥാനെ ട്രോളുകൾ കൊണ്ട് നിറച്ച ഈ മെനു കാർഡ് രാജ്യവ്യാപകമായി വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

പ്രധാന വിഭവങ്ങളുടെ പട്ടികയിൽ റാവൽപിണ്ടി ചിക്കൻ ടിക്ക മസാല,​ റഫീഖി റാര മട്ടൻ, ഭോലാരി,​ പനീർ മേത്തി മലായി, സുക്കൂർ ഷാം സവേര കോഫ്, സർഗോധ ദാൽ മഖ്‌നി,​ ജേക്കബാബാദ് മേവ പുലാവ്, ബഹവൽപൂർ നാൻ തുടങ്ങിയ വിഭവങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. മധുര പലഹാരങ്ങളാകട്ടെ​ ബാലകോട്ട് ​ടിറാമിസു,​ മുസാഫറബാദ് കുൽഫി ഫലൂദ,​ മുരിദ്കെ മീഠാപാൻ എന്നിങ്ങനെയാണ് മെനുവിൽ കാണിച്ചിരിക്കുന്നത്.

മെനു കാർഡിൽ നൽകിയിരിക്കുന്ന ഓരോ പാകിസ്ഥാൻ വ്യോമതാവളങ്ങൾക്കും ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പ്രാധാന്യമുണ്ട്. 2019ലെ ഓപ്പറേഷൻ ബന്ദറും ഈ വർഷം നടന്ന ഓപ്പറേഷൻ സിന്ദൂറിലും ഇന്ത്യ ലക്ഷ്യമിട്ട പ്രധാന കേന്ദ്രങ്ങളായിരുന്നു ഇവ. വൈറലായ മെനു കാർഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യയെന്ന കാഴ്ചപ്പാടും ശത്രുവിന്റെ വീട്ടിൽ കയറി തിരിച്ചടിക്കുമെന്ന പ്രഖ്യാപനവുമാണ് ഓർമ്മിപ്പിക്കുന്നതെന്ന് ബിജെപി പ്രതികരിച്ചു.

"ഭക്ഷണം വിളമ്പുന്നതിൽ നിന്ന് ഇപ്പോൾ നീതി നടപ്പാക്കുന്നതിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. വ്യോമസേനയുടെ മെനുവിലെ സന്ദേശമാണത്. മുംബയ് ഭീകരാക്രമണത്തിന് ശേഷം വിദേശ സമ്മർദം കാരണം നടപടിയെടുക്കാൻ കഴിഞ്ഞില്ലെന്ന പി ചിദംബരം പറഞ്ഞ ആ കാലമൊക്കെ പോയി. ശത്രുവിന്റെ വീട്ടിൽ കയറി അടിക്കുകയെന്നത് പുതിയ രീതിയാണ്' - ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല എക്‌സിൽ കുറിച്ചു. കൂടാതെ കോൺഗ്രസിനെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു. 26/11 ആക്രമണത്തിന് ശേഷം സൈനികമായി തിരിച്ചടിക്കുന്നത് കോൺഗ്രസ് തടഞ്ഞെന്നും യുപിഎ ഭരണകാലത്ത് ഭീകരതയ്ക്കെതിരായ പോരാട്ടം ദുർബലപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.