
മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന് ദാവൂദ് ഇബ്രാഹിമിന്റെ സംഘമായ ഡി കമ്പനിയിൽ നിന്ന് പണമാവശ്യപ്പെട്ട് ഭീഷണി സന്ദേശമെത്തിയതായി റിപ്പോർട്ട്. താരത്തിന്റെ പ്രൊമോഷണൽ ടീമിനാണ് അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് ഡി കമ്പനിയിൽ നിന്ന് സന്ദേശമെത്തിയത്. 2025 ഫെബ്രുവരിക്കും ഏപ്രിലിനുമിടയിലായി മൂന്ന് തവണയാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ മുംബയ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ വെസ്റ്റ് ഇൻഡീസിൽ പിടിയിലായിരുന്നു. മൊഹമ്മദ് ദിൽഷാദ്, മൊഹമ്മദ് നവീദ് എന്നിവരാണ് പിടിയിലായത്. ഇവരെ ഓഗസ്റ്റ് ഒന്നിന് ഇന്ത്യക്ക് കൈമാറി. അന്തരിച്ച മുൻ എംഎൽഎ ബാബ സിദ്ദിഖിയുടെ മകൻ സീഷൻ സിദ്ദിഖിയിൽ നിന്ന് പത്തുകോടി ആവശ്യപ്പെട്ടതിന് ഇരുവരും നേരത്തെ അറസ്റ്റിലായിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയാണ് റിങ്കു സിംഗിനെ നേരിട്ട് വിളിച്ച് പണമാവശ്യപ്പെട്ടതായി പ്രതികളിൽ ഒരാൾ കുറ്റസമ്മതം നടത്തിയത്.
സമാജ്‌വാദി പാർട്ടി എംപി പ്രിയ സരോജ് ആണ് റിങ്കു സിംഗിന്റെ പ്രതിശ്രുത വധു. ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട് റിങ്കുവോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെത്തുടർന്ന് താരത്തിന്റെ സുരക്ഷാക്രമീകരണങ്ങൾ വർദ്ധിപ്പിക്കാനുള്ള ആലോചനയിലാണ് മുംബയ് പൊലീസ്.