gg

പാട്ന: നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും ഒരാൾക്ക് വീതം സർക്കാർ ജോലി നൽകുമെന്ന് ആർജെഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള വാർത്താസമ്മേളനത്തിലായിരുന്നു തേജസ്വിയുടെ പ്രഖ്യാപനം. സർക്കാർ രൂപീകരിച്ച് 20 മാസം പൂർത്തിയാകുമ്പോൾ സർക്കാർ ജോലിയില്ലാത്ത ഒരു കുടുംബം പോലും ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. അധികാരമേറ്റുകഴിഞ്ഞാൽ ആദ്യത്തെ മന്ത്രിസഭായോഗത്തിൽ തന്നെ ഈ നിർദ്ദേശത്തിൽ ഒപ്പുവയ്ക്കുമെന്നും തേജസ്വി കൂട്ടിച്ചേർത്തു.തന്റെ ആദ്യത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപനമാണിതെന്നും ഇനിയും പല പ്രഖ്യാപനങ്ങളും വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങൾ ഇതിനെപ്പറ്റി ശാസ്ത്രീയമായി പഠിച്ചു. ഞങ്ങൾ നടത്തിയ സർവ്വേ പ്രകാരം എല്ലാ കുടുംബങ്ങളുടെയും പട്ടിക ഞങ്ങളുടെ പക്കലുണ്ട്. ഞങ്ങൾക്ക് സാദ്ധ്യമായ കാര്യം മാത്രമെ ചെയ്യുന്നുള്ളു. അതാണ് എന്റെ പ്രതിജ്ഞ' -തേജസ്വി പറഞ്ഞു.

'സാമ്പത്തിക നീതിയുടെ കീഴിൽ ഞങ്ങൾ ഇന്ന് ചരിത്രപരമായ പ്രഖ്യാപനം നടത്തി. സർക്കാർ ജോലിയില്ലാത്ത ഓരോ കുടുംബത്തിനും ഒരു പുതിയ നിയമത്തിലൂടെ നിർബന്ധമായും ജോലി നൽകും'. പ്രഖ്യാപനത്തിന് ശേഷം അദ്ദേഹം എക്സിൽ കുറിച്ചു.

2020ലെ തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പത്ത് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന തന്റെ വാഗ്ദാനത്തെയും അദ്ദേഹം ഓർമ്മിപ്പിച്ചു. നിലവിലെ സർക്കാർ 20 വർഷത്തേക്ക് തൊഴിലവസരങ്ങളെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ല. തന്റെ സമ്മർദ്ദം മൂലമാണ് ബീഹാറിൽ തൊഴിലവസരങ്ങൾ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.