
ബിഗ് ബോസ് ഹൗസിൽ എല്ലാവർക്കും പി ആർ ഉണ്ടെന്ന് മുൻ മത്സരാർത്ഥിയും നടനുമായ അപ്പാനി ശരത്ത്. തനിക്ക് പി ആർ ഉണ്ടായിരുന്നില്ല. അതിന് കാരണമുണ്ട്. ജനങ്ങൾക്കിടയിലുള്ള ആളാണ് താൻ. സിനിമയിലായതിനാൽ കുറച്ചധികം സുഹൃത്തുക്കളുണ്ട്. അവരുടെ പിന്തുണയുണ്ടാകുമെന്ന വിശ്വാസമുണ്ടായിരുന്നു. അതിനാൽ പി ആർ കൊടുത്തില്ലെന്ന് ശരത്ത് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
'ഞാൻ അവിടെ മത്സരിക്കാൻ പോയപ്പോൾ എന്നെ ഇഷ്ടപ്പെടുന്നവർ എന്നെ ജയിപ്പിക്കാൻ ശ്രമിക്കും. അകത്ത് നടക്കുന്ന കണ്ടന്റുകൾ ജനങ്ങൾക്ക് ഇടയിലേക്ക് എത്തിക്കാൻ ശ്രമിക്കും. ഇത്തരത്തിൽ എല്ലാ മത്സരാർത്ഥികളുടെ പ്രിയപ്പെട്ടവരും ചെയ്യും. അതൊരു പി ആർ ഐഡിയ തന്നെയാണ്. അല്ലാതെ ഇത്ര പണം കൊടുത്ത് ഇത്ര ദിവസം ബിഗ് ബോസിൽ നിർത്തിക്കുകയെന്നത് ശരിയായി തോന്നണില്ല.
ബിഗ് ബോസ് ഹൗസിനകത്ത് തന്നെക്കുറിച്ച് ഓരോ കഥകൾ പടച്ചുവിട്ടപ്പോൾ ഭാര്യയ്ക്ക് വിഷമമാകുമോ എന്ന ആശങ്കയുണ്ടായിരുന്നുവെന്നും ശരത്ത് പറഞ്ഞു. ബിഗ് ബോസിൽ ഒരു ദിവസം എത്ര രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്ന അവതാരകയുടെ ചോദ്യത്തിനും നടൻ മറുപടി നൽകി. 'ബിഗ് ബോസിൽ നിന്ന് കിട്ടിയ സാലറി പറയാൻ പാടില്ലെന്ന് റൂൾ ഉണ്ട്. അതുകൊണ്ടുതന്നെ ഞാൻ എന്റെ ശമ്പളം വെളിപ്പെടുത്തുന്നില്ല. പക്ഷേ എന്നാലും മാന്യമായ സാലറിയുണ്ടായിരുന്നു. ചിലയാളുകൾക്ക് വീക്ക്‌ലി പെയ്‌മെന്റായിരുന്നു. ചിലർക്ക് ഡെയ്‌ലി പെയ്‌മെന്റായിരുന്നു.'- ശരത്ത് വ്യക്തമാക്കി.