case

കൊച്ചി: നഗരത്തിൽ തോക്കുചൂണ്ടി 80 ലക്ഷം കവർന്ന സംഭവത്തിൽ അഞ്ചുപേർ കസ്റ്റഡിയിൽ. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ കുണ്ടന്നൂരില്‍ അരൂര്‍ ബൈപ്പാസിനോട് ചേര്‍ന്നുള്ള സ്റ്റീല്‍ മൊത്തവിതരണ കേന്ദ്രത്തിലായിരുന്നു സംഭവം. മോഷണത്തിൽ സഹായിച്ച മൂന്നുപേരെയും കൃത്യം നടത്തിയ രണ്ടുപേരെയുമാണ് കസ്റ്റഡിയിലെടുത്തതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. പ്രതികൾ കവര്‍ച്ചയ്ക്ക് ഉപയോഗിച്ച രണ്ട് വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

തൃശൂരിൽ നിന്നാണ് ഇവർ ഉപയോഗിച്ച വാഹനം കണ്ടെത്തിയത്. ഇനിയും പ്രതികളെ കണ്ടെത്താനുണ്ടെന്നും മുഖംമൂടി ധരിച്ചെത്തിയ മൂന്നുപേർക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും മോഷ്ടിച്ച പണവും ഇതുവരെയായിട്ടും കണ്ടെത്തിയിട്ടില്ല. തോക്ക് സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പുട്ട വിമലാദിത്യ കൂട്ടിച്ചേര്‍ത്തു. സുബിന്‍ എന്നയാളുടെ പക്കല്‍ നിന്നാണ് 80 ലക്ഷം രൂപ കവർന്നത്. ഈ പണത്തിന്റെ ഉറവിടവും പൊലീസ് അന്വേഷിക്കുന്നുണ്ട്.