sreejith

തൃശൂർ: മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ യുവാവിനെ ആംബുലൻസ് ഇല്ലാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുന്നതിൽ കാലതാമസമുണ്ടായതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ അംഗം വി ഗീത സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. തൃശൂർ സിറ്റി പൊലീസ് കമ്മീഷണറും പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജരും സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി ഗീത ആവശ്യപ്പെട്ടു.


തിങ്കളാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്താണ് ചികിത്സ വൈകിയതിനാൽ പ്ലാറ്റ്ഫോമിൽ കിടന്ന് മരിച്ചത്. ഹൈദരാബാദിൽ നിന്നും ചാലക്കുടിയിലേക്ക് ഓഖ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു ശ്രീജിത്ത്. ട്രെയിൻ ഷൊർണൂരിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ടി.ടി.ഇയെ വിവരം അറിയിച്ചെങ്കിലും തൃശൂരിൽ മാത്രം നിർത്താൻ കഴിയുകയുള്ളുവെന്ന് പറഞ്ഞു. ഇതിനിടയിൽ ശ്രീജിത്ത് അബോധാവസ്ഥയിലായി.

തുർന്ന് ട്രെയിൻ മുളങ്കുന്നത്തുകാവിൽ നിർത്തി. നെഞ്ചുവേദനയുമായി യുവാവ് എത്തുന്ന വിവരം റെയിൽവേ കൺട്രോൾ റൂമിൽ അറിയിച്ചെങ്കിലും വീൽചെയർ പോലും ഒരുക്കിയില്ല. സഹയാത്രികർ ചുമന്നാണ് യുവാവിനെ ട്രെയിനിൽ നിന്നും ഇറക്കിയത്. യുവാവ് 25 മിനിറ്റ് പ്ലാറ്റ്ഫോമിൽ കിടന്നു. തുടർന്ന് നാട്ടുകാർ സംഘടിച്ച് ബഹളമുണ്ടാക്കി. ട്രെയിനിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടർ പ്ലാറ്റ്ഫോമിലെത്തി സി.പി.ആർ. നൽകിയെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. ആംബുലൻസെത്തുന്നതിന് 3 മിനിറ്റ് മുമ്പ് വരെ യുവാവിന് പൾസ് ഉണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. 15 മിനിറ്റ് മുമ്പെങ്കിലും ആംബുലൻസ് കിട്ടിയിരുന്നെങ്കിൽ യുവാവിനെ രക്ഷിക്കാമായിരുന്നുവെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകളിൽ പറയുന്നത്. ദൃശ്യമാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.