fishermen-arrest

കൊളംബോ: ശ്രീലങ്കയുടെ സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് 47 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. വ്യാഴാഴ്ച പുലർച്ചെ മന്നാർ, ഡെൽഫ് കടൽ മേഖലയിൽ നടത്തിയ പട്രോളിങ്ങിനിടെയാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. ഇവരുടെ അഞ്ച് ട്രോളറുകളും ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.

പിടികൂടിയ മത്സ്യത്തൊഴിലാളികളെയും ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും കൂടുതൽ നിയമനടപടികൾക്കായി വടക്കൻ ശ്രീലങ്കയിലെ ഫിഷറീസ് ഇൻസ്പെക്ടറേറ്റിന് കൈമാറുമെന്ന് നാവികസേന വക്താവ് കമാൻഡർ ബുദ്ധിക സമ്പത്ത് അറിയിച്ചു. ശ്രീലങ്കൻ ജലാശയങ്ങളിൽ നിയമവിരുദ്ധമായി മത്സ്യബന്ധനം ചെയ്യുന്നത് തടയുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പട്രോളിംഗ് നടന്നതെന്ന് നാവിക കമാൻഡ് വ്യതക്തമാക്കി.


ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന പാക് കടലിടുക്കിൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട തർക്കം ദീർഘകാലമായി നിലനിൽക്കുന്ന ഒരു വിഷയമാണ്. സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് മുൻപും ശ്രീലങ്കൻ നാവികസേന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും വെടിവയ്പ്പ് നടത്തുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസവും സമാനമായി ജാഫ്‌നയ്ക്ക് സമീപത്തുനിന്ന് 12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടി അവരുടെ ട്രോളറുകളടക്കം പിടിച്ചെടുത്തിരുന്നു. മത്സ്യത്തൊഴിലാളികളോട് മനുഷ്യത്വത്തോടെ പെരുമാറണമെന്ന് ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെടുമ്പോഴും തങ്ങളുടെ തീരദേശവാസികളുടെ ഉപജീവനം സംരക്ഷിക്കാൻ ഇത്തരം അറസ്റ്റുകൾ അനിവാര്യമാണെന്നാണ് ശ്രീലങ്കയുടെ നിലപാട്.