
ഡെൻവർ: ഏതാനും സീറ്റുകൾ അപ്പുറത്തുള്ള തന്റെ മകളെ കടത്തി വിടാതെ വിമാനത്തിൽ നിന്നിറങ്ങില്ലെന്ന് വാശിപിടിച്ച് യുവതി. വിമാനം ലാൻഡ് ചെയ്ത ശേഷം യാത്രക്കാർ പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. നിരവധി സീറ്റുകൾ പിന്നിലിരുന്ന മകളെ ആദ്യം പുറത്തിറക്കാൻ വേണ്ടി യുവതി വിമാനത്തിന്റെ ഇടനാഴി പൂർണ്ണമായും തടസ്സപ്പെടുത്തുകയായിരുന്നു. ഫ്രോണ്ടിയർ എയർലൈൻസിന്റെ വിമാനത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ലാൻഡിംഗിന് ശേഷം യാത്രക്കാർ പുറത്തിറങ്ങാൻ തിടുക്കം കാണിക്കുന്നതിനിടെയാണ് യുവതിയുടെ അപ്രതീക്ഷിത ഇടപെടൽ. തന്റെ മകൾ വിമാനത്തിന്റെ ഏറ്റവും പിന്നിലെ സീറ്റുകളിൽ ഇരിക്കുകയാണ്. അവൾ ആദ്യം പുറത്തുപോയ ശേഷമേ മറ്റാരെയും വിടൂ എന്ന് യുവതി വാശിപിടിച്ചു. ഇടനാഴിയിൽ നിലയുറപ്പിച്ച യുവതി മുന്നോട്ടുവരാൻ ശ്രമിച്ച മറ്റ് യാത്രക്കാരുടെ വഴി പൂർണ്ണമായും തടസപ്പെടുത്തുകയായിരുന്നു.
ക്ലിന്റ് കിസൺ എന്ന യാത്രക്കാരനാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിയിൽ പങ്കുവച്ചത്. വെറും മൂന്ന് മണിക്കൂർ യാത്രയുള്ള വിമാനം കൂടുതൽ വൈകിയാണ് ബാൾട്ടിമോറിൽ എത്തിയത്. ഇതിനിടെയാണ് യുവതിയുടെ കടുംപിടുത്തം. യാത്രക്കാരുടെ വിമർശനങ്ങളൊന്നും വകവയ്ക്കാതെ യുവതി തന്റെ നിലപാടിൽ ഉറച്ചുനിന്നു. സൂക്ഷിച്ചു സംസാരിക്കണമെന്നും താൻ ആരാണെന്ന് അറിയില്ലെന്നും യുവതി മറ്റു യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്റെ മകളെ കടത്തിവിടാൻ അവർ സമ്മതിക്കുന്നില്ല, അവളില്ലാതെ ഞാൻ ഇറങ്ങില്ലെന്ന് പറഞ്ഞ് യുവതി ഫ്ളൈറ്റ് അറ്റൻഡന്റിനോടും കയർത്ത് സംസാരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മകൾ വീണ്ടും ക്യാബിനിലൂടെ മുന്നോട്ട് വരേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് അറ്റൻഡന്റ് അവരെ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും യുവതി ദേഷ്യത്തോടെ ആക്രോശം തുടരുകയായിരുന്നു.
മറ്റ് യാത്രക്കാർ ഇറങ്ങാൻ ബഹളം കൂട്ടിയതോടെ ഫ്ളൈറ്റ് അറ്റൻഡന്റ് പാടുപെട്ട് യുവതിയെ അനുനയിപ്പിച്ച് മാറ്റി നിർത്തി. വിമുഖതയോടെ വഴിമാറിയ യുവതി എല്ലാവരും പോയി തുലയട്ടെയെന്ന് പിറുപിറുക്കുന്നതും കേൾക്കാമായിരുന്നു. വിഡിയോ വൈറലായതോടെ യുവതിയുടെ പെരുമാറ്റത്തെക്കുറിച്ച് വ്യാപക വിമർശനമാണ് ഉയർന്നത്.
വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും തടഞ്ഞുവച്ച് സ്വന്തം മകളെ ആദ്യം വിടണമെന്ന് വാശിപിടിക്കുന്നത് തീർത്തും അപമര്യാദയും പൗരത്വബോധമില്ലാത്തതാണെന്നും ഒരാൾ കമന്റു ചെയ്തു. ഒരാൾക്ക് വേണ്ടി മുഴുവൻ യാത്രക്കാരെയും വിമാനത്തെയും ബന്ദിയാക്കുന്നത് ഭ്രാന്താണ്. മറ്റൊരാൾ യുവതിക്കെതിരെ പരിഹസിച്ചു കൊണ്ട് കമന്റ് ചെയ്തു . ക്ഷമ കാണിച്ചിരുന്നെങ്കിൽ ആരെയും ബുദ്ധിമുട്ടിക്കാതെ പ്രശ്നം പരിഹരിക്കാമായിരുന്നുവെന്നും പലരും അഭിപ്രായപ്പെട്ടു.