maf

കോഴിക്കോട് : കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ തെറിവിളി മുദ്രാവാക്യവുമായി എം.എസ്.എഫ് പ്രകടനം. മുട്ടിൽ ഡബ്ലിയു എം ഒകോളേജ് തിരഞ്ഞെടുപ്പിൽ വിജയിച്ചശേഷം എംഎസ്എഫ് മുട്ടിലിൽ നടത്തിയ പ്രകടനത്തിലാണ് കോൺഗ്രസ്‌ നേതാക്കളെ അതിരൂക്ഷമായി വിമർശിച്ച് മുദ്രാവാക്യം മുഴക്കിയത്.

കോട്ട ഭദ്രം, മിസ്റ്റർ സിദ്ദീഖ്, മിസ്റ്റർ ഐ.സി, കേശു കുഞ്ഞുങ്ങളെ നിലക്ക് നിർത്തിയില്ലേൽ നിയമസഭ കാണാമെന്ന് മോഹിക്കേണ്ട എന്നാണ് പോസ്റ്ററിൽ. ഇരുനേതാക്കളുടെയും ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിരൂക്ഷമായ ഭാഷയിലുള്ള മുദ്രാവാക്യമാണ് മുഴക്കിയത്. ലീഗ്‌നേതാക്കൾ ആരും തന്നെ മുദ്രാവാക്യം വിളി തടഞ്ഞതുമില്ല.


തിരഞ്ഞെടുപ്പിൽ കെ.എസ്.യുവിന്റെ നിസ്സഹകരണം കാരണം പലകോളേജുകളിലും യു.ഡി.എസ്.എഫ് സഖ്യം ഉണ്ടായിരുന്നില്ല. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന. മുൻ വർഷങ്ങളേക്കാൾ മികച്ച പ്രകടനമാണ് ഇത്തവണ കെഎസ്.യുവിന്റേത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി വയനാട്ടിൽ ഭൂരിഭാഗം കാമ്പസുകളിലും കെഎസ്.യു നില മെച്ചപ്പെടുത്തിയിരുന്നു. ഇതിലുള്ള അമർഷം ആകാം എം.എസ്.എഫ് പ്രകടിപ്പിച്ചതെന്നാണ് സൂചന.