
ഒരു പരിചരണവും നല്‍കിയില്ലെങ്കിലും നമ്മുടെ വീടുകളുടെ പറമ്പില്‍ വളരുന്ന ഒരു പച്ചക്കറിയാണ് പപ്പായ. പഴുത്ത് പഴമായവയും പച്ചയായിട്ടുള്ളത് കറിവയ്ക്കാനും ഉപ്പേരിക്കുമൊക്കെയായി പപ്പായ ഉപയോഗിക്കാറുണ്ട്. ഡെങ്കിപ്പനി പോലുള്ള രോഗസമയത്ത് രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കാന്‍ പോലും പപ്പായ സഹായകമാണ്. അതുപോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിലും പപ്പായ വെറും കാഴ്ചക്കാരനല്ല. മാരകരോഗമായ ക്യാന്‍സറിന്റെ ചികിത്സയ്ക്ക് പോലും പപ്പായ ഉപയോഗിക്കുന്നുണ്ട്.
പപ്പായയെ കുറിച്ച് അറിഞ്ഞതൊന്നുമല്ല ഇനിയുമേറെയുണ്ടെന്നാണ് ശാസ്ത്ര ലോകം ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുന്നത്. ഹൃദ്രോഗം, പ്രമേഹം പോലുള്ള രോഗാവസ്ഥകളിലും പപ്പായ ഫലപ്രദമാണെന്നത് അധികം ആളുകള്‍ക്ക് അറിയാത്ത കാര്യമാണ്. പപ്പായ 40 ശതമാനം വിളഞ്ഞതു മുതല്‍ നന്നായി പഴുത്തതുവരെ പലതരം ഉല്‍പന്നങ്ങള്‍ തയാറാക്കാന്‍ യോജ്യമാണ്. ഇടത്തരം ചെറുകിട സംരംഭകര്‍ക്കു നല്ല സാദ്ധ്യതയാണുള്ളതാണെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
വാണിജ്യ അടിസ്ഥാനത്തില്‍ വലിയ സാദ്ധ്യതയാണ് പപ്പായകള്‍ക്ക് ഉള്ളതെന്ന് ചുരുക്കം. തൈകള്‍ നട്ട് പിടിപ്പിച്ചാല്‍ മൂന്നാം മാസം തന്നെ പൂവിടും. റബര്‍ പോലെ ടാപ്പ് ചെയ്യാം എന്നതാണ് പപ്പായയുടെ മറ്റൊരു സവിശേഷത. പൂവിട്ട് കഴിഞ്ഞ് ഒന്നരമാസം കൂടി പിന്നിട്ടാല്‍ പപ്പായകള്‍ ടാപ്പിംഗിന് തയ്യാറാകും. ആഴ്ചയില്‍ ഒന്നു വീതം ആറ് ആഴ്ചയോളം ഒരു പൂവിടലിലെ കായ്കളില്‍നിന്നു കറയെടുക്കാം. അതിനുശേഷം അവ മുറിച്ചു മാറ്റി സംസ്‌കരണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണം. അപ്പോഴേക്കും അടുത്ത പൂവിടലിലെ കായ്കള്‍ കറയെടുപ്പിനു പാകമായിട്ടുണ്ടാകും.
ഒരു മരത്തില്‍ നിന്ന് 70 ഗ്രാം കറ വരെ പരമാവധി ലഭിക്കും. മൂല്യവര്‍ദ്ധിത വസ്തുക്കളാക്കി മാറ്റുന്നതിന് വേണ്ടി പപ്പായ കറ ഉപയോഗിക്കാന്‍ കഴിയും. മരുന്ന്, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, റെഡിമെയ്ഡ് ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ള വസ്തുക്കളുടെ നിര്‍മാണത്തിനാണ് പപ്പായ കറ പ്രധാനമായും ഉപയോഗിക്കുന്നത്. പപ്പായ പ്രത്യേക കത്തി ഉപയോഗിച്ച് ടാപ്പിംഗ് നടത്തി കറ താഴെ വിരിച്ച പ്ലാസ്റ്റിക് ഷീറ്റില്‍ ശേഖരിക്കുകയാണു ചെയ്യുന്നത്.
വാണിജ്യ അടിസ്ഥാനത്തില്‍ ക്ൃഷി ചെയ്യുകയാണെങ്കില്‍ ഒരേക്കര്‍ കൃഷിയില്‍ നിന്ന് ലക്ഷങ്ങള്‍ വരെ വരുമാനമുണ്ടാക്കാന്‍ കഴിയും. വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ വലിയ മാര്‍ക്കറ്റാണ് പപ്പായക്കുള്ളത്. അതുകൊണ്ട് തന്നെ ശാസ്ത്രീയമായ രീതി പരിശീലിച്ച ശേഷം പപ്പായ കൃഷിയില്‍ ഒരു കൈ നോക്കിയാല്‍ മികച്ച ഒരു വരുമാന മാര്‍ഗമായി അത് മാറുമെന്ന കാര്യത്തില്‍ സംശയമില്ല.