bear

വയനാട് : കാട്ടിൽ നിന്ന് ജനവാസ മേഖലയിലെത്തി തേനീച്ച കൂടുകൾ തകർത്ത് കരടി. സുൽത്താൻബത്തേരിക്കടുത്തുള്ള ഈസ്റ്റ് ചീരാലിലെ കുടുക്കി പൂളക്കരയിൽ മൂന്ന് ദിവസം മുമ്പായിരുന്നു സംഭവം. അതിന് ഒരു മാസം മുൻപ് തന്നെ പ്രദേശത്ത് കരടിയെത്തിയിരുന്നു. വനത്തിൽ നിന്നിറങ്ങിയ കരടി തേനീച്ചക്കൂടുകൾ തകർത്ത് തേൻ ഭക്ഷിക്കുകയായിരുന്നു. പശുത്തൊഴുത്തിന് സമീപമെത്തിയ കരടി തേൻകൂടുകൾ മുഴുവൻ മറിച്ചിട്ടാണ് നശിപ്പിച്ചത്.

ഈസ്റ്റ് ചീരാലിലെ വിനീത് കുമ്പാരക്കരയുടെ തേനീച്ച വളർത്തൽ കേന്ദ്രത്തിലാണ് കരടി നാശനഷ്ടമുണ്ടാക്കിയത്. എട്ട് വർഷമായി ഉപജീവനത്തിനായി വിനീത് പരിപാലിച്ചുപോന്നിരുന്ന പത്ത് തേൻകൂടുകളിൽ ഒരെണ്ണം മാത്രമാണ് നിലവിൽ അവശേഷിക്കുന്നത്. സംഭവം നടന്ന ദിവസം പുലർച്ചെ വിനീതിന്റെ അനുജൻ നായ കുരയ്ക്കുന്നത് കേട്ട് നോക്കിയപ്പോഴാണ് കരടി തേൻ ഭക്ഷിക്കുന്നത് കണ്ടത്. കൂട് തല്ലിപ്പൊളിക്കുന്ന ശബ്ദം താനും കേട്ടിരുന്നതായി വിനീത് പറയുന്നു. വലിയ അപകടങ്ങളൊന്നും ഉണ്ടാകാത്തതിൽ ഈ യുവകർഷകന് ആശ്വാസമുണ്ട്. എന്നാൽ, തേനീച്ചകളടക്കം നഷ്ടപ്പെട്ടതോടെ വിനീതിന്റെ കൃഷി പൂർണ്ണമായും നിലച്ചിരിക്കുകയാണ്.

ദിവസങ്ങൾക്ക് മുമ്പാണ് പടമാടനിലുള്ള ഡെയ്‌സിയുടെ വീട്ടിലും കരടിയെത്തുന്നത്. കൂടാതെ അയൽവാസിയായ വിശ്വനാഥന്റെ പറമ്പിലെ പ്ലാവിൽ കയറി ചക്ക പറിച്ചു തിന്നുന്ന കരടിയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതോടെ ബാക്കിയുള്ള ചക്കകളെല്ലാം ഈ കുടുംബത്തിന് പറിച്ചു മാറ്റേണ്ടി വന്നു. കാട്ടിലേക്ക് തിരിച്ചുപോകാതെ കരടി തോട്ടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും തുടരുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. പകൽ സമയത്ത് പോലും കരടിയുടെ ആക്രമണം ഭയന്നാണ് ആളുകൾ ഇവിടെ ജീവിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

വിനീതിന്റെ വീടിരിക്കുന്ന സ്ഥലത്തുനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ് വനമുള്ളത്. വനത്തിൽ നിന്ന് പുറത്തിറങ്ങിയ കരടിയാണ് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നത്. ഒരു മാസം മുമ്പാണ് കരടിയെ ഈ പ്രദേശത്ത് ആദ്യം കണ്ടതെന്ന് നാട്ടുകാർ പറയുന്നു. പല തവണ വനംവകുപ്പിനെ വിവരമറിയിച്ചിട്ടും പതിവ് പരിശോധനകൾക്കപ്പുറം കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.