cricket

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത് തലമുറ മാറ്റത്തിന്റെ കാലമാണ്. ടെസ്റ്റ് , ട്വന്റി 20 ഫോര്‍മാറ്റുകളില്‍ നിന്ന് സീനിയര്‍ താരങ്ങളും മുന്‍ നായകന്‍മാരുമായ വിരാട് കൊഹ്ലി, രോഹിത് ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെടെ നിരവധിപേര്‍ വിരമിച്ചു. രോഹിത്തും വിരാടും ഇനി കളിക്കുക ഏകദിനത്തില്‍ മാത്രമാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ ജേതാക്കളാക്കിയ രോഹിത് ശര്‍മ്മ ഏകദിനത്തില്‍ തുടര്‍ന്നും കളിക്കുമെങ്കിലും നായകസ്ഥാനം അദ്ദേഹത്തിന് നഷ്ടമായിക്കഴിഞ്ഞു.

ടെസ്റ്റിന് പിന്നാലെ ഏകദിന ക്രിക്കറ്റിലും ശുബ്മാന്‍ ഗില്‍ രോഹിത്തിന് പിന്‍ഗാമിയായി സ്ഥാനമേറ്റെടുത്ത് കഴിഞ്ഞു. 2027 ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മ്മയ്ക്ക് കീഴില്‍ ഇന്ത്യ ഇറങ്ങുമെന്നും അഹമ്മദാബാദില്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കുമെന്നും ആരാധകര്‍ വിശ്വസിച്ചിരുന്ന ഘട്ടത്തിലാണ് രോഹിത്തിന് സ്ഥാനം നഷ്ടമായത്. അടുത്ത ലോകകപ്പ് വരെ ഒരു ബാറ്റര്‍ മാത്രമായി രോഹിത് ടീമിലുണ്ടാകുമോയെന്നും കാത്തിരുന്ന് തന്നെ അറിയണം.

എന്നാല്‍ ശുബ്മാന്‍ ഗില്‍ രോഹിത് ശര്‍മ്മയുടേയും എംഎസ് ധോണിയുടേയും പാത പിന്തുടര്‍ന്ന് ഇന്ത്യക്ക് ഐസിസി കിരീടവും ലോകകപ്പുമെല്ലാം സമ്മാനിക്കുമെന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ ചര്‍ച്ചകള്‍. അതിന് വിശ്വസിക്കുന്ന ഘടകമാകട്ടെ ക്യാപ്റ്റന്‍സിയുടെ കാര്യത്തിലാണുതാനും. അണ്ടര്‍ 19 ടീമിനെ കപ്പടിപ്പിച്ച ശേഷം വന്ന നായകന്‍മാരില്‍ പലര്‍ക്കും ഇന്ത്യന്‍ ടീമില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ക്യാപ്റ്റനായ കൊഹ്ലിക്കാകട്ടെ പേരിന് പോലും ഒരു ഐസിസി കീരിടം നേടാന്‍ കഴിഞ്ഞതുമില്ല.

അവസാനമായി ഇന്ത്യക്ക് ലഭിച്ച അഞ്ച് ഐസിസി കിരീടങ്ങളില്‍ മൂന്നെണ്ണം സമ്മാനിച്ചത് എംഎസ് ധോണിയാണ്. രണ്ടെണ്ണം രോഹിത് ശര്‍മ്മയുടെ കീഴിലും. ഇരുവരും ഒരിക്കലും ഇന്ത്യയുടെ അണ്ടര്‍ 19 ടീമുകളെ നയിച്ചിട്ടില്ല. അതുപോലെ തന്നെ ശുബ്മാന്‍ ഗില്ലും അണ്ടര്‍ 19 ടീമിനെ നയിച്ചിട്ടില്ലാത്ത നായകനാണ്. അതുകൊണ്ട് തന്നെ ധോണിയുടേയും രോഹിത്തിന്റേയും പാത പിന്തുടര്‍ന്ന് ശുബ്മാന്‍ ഗില്ലും ഇന്ത്യക്ക് ലോകകപ്പ് ഉള്‍പ്പെടെയുള്ള കിരീടങ്ങള്‍ സമ്മാനിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.