
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ അന്തിമ റിപ്പോർട്ട് ദേവസ്വം വിജിലൻസ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. റിപ്പോർട്ടിൽ സുപ്രധാനമായ കണ്ടെത്തലുകൾ ഉണ്ടെന്നാണ് സൂചന. റിപ്പോർട്ട് കിട്ടിയാലുടൻ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കേസെടുത്ത് അന്വേഷണം തുടങ്ങും.
മോഷണം നടന്നുവെന്ന നിഗമനത്തിലാണ് ദേവസ്വം വിജിലൻസെന്നാണ് സൂചന. 24 കാരറ്റ് സ്വർണമാണ് 1999ൽ വിജയ് മല്യ പൊതിഞ്ഞുനൽകിയത്. ദ്വാരപാലക ശില്പങ്ങളിലുൾപ്പടെ സ്വർണം പൊതിഞ്ഞിരുന്നത്രേ. വിഷയത്തിൽ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് റിപ്പോർട്ടിലുള്ളത്.
ദേവസ്വം ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് കരുതുന്നത്. വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. സ്വർണപ്പാളി ചെമ്പെന്ന് രേഖപ്പെടുത്തിയതിൽ ഗൂഢാലോചനയുണ്ട്. സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയേയും ദേവസ്വം ഉദ്യോഗസ്ഥരെയും പ്രതിയാക്കി അന്വേഷണം മുന്നോട്ടുപോകണമെന്നും റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.
കോടികളുടെ സ്വർണക്കൊള്ളയാണ് നടന്നിരിക്കുന്നത്. തിരിമറിക്ക് പിന്നിൽ ഉണ്ണികൃഷ്ണൻ പോറ്റിയാണ്. 2019ൽ സ്വർണപ്പാളി മറിച്ചുവിറ്റെന്നും റിപ്പോർട്ടിലുണ്ടെന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്. എവിടെയാണ് സ്വർണപ്പാളി വിറ്റതെന്ന കാര്യത്തിലടക്കം വ്യക്തത വരാനുണ്ട്.
അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് എത്തിക്കുന്നതിന് മുമ്പുതന്നെ സ്വർണപ്പാളി മാറ്റിയിരിക്കാമെന്നും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. ചെമ്പ് പാളിയാണ് ചെന്നൈയിൽ സ്വർണം പൂശാൻ എത്തിച്ചതെന്ന് സ്മാർട്ട് ക്രീയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി മൊഴി നൽകിയിട്ടുണ്ട്. സ്വർണം പൊതിഞ്ഞവ ആയിരുന്നില്ലെന്നും കാലപ്പഴക്കം ഉണ്ടായിരുന്നില്ലെന്നുമാണ് മൊഴി. ഇതും കേസിൽ നിർണായകമായേക്കും.