
ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസങ്ങളായ വിരാട് കൊഹ്‌ലിയും രോഹിത് ശർമയും ഏകദിന ക്രിക്കറ്റിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് സൂചന. വരാനിരിക്കുന്ന ഓസ്‌ട്രേലിയൻ ഏകദിന പരമ്പരയ്ക്ക് ശേഷം ഇരുവരും ആഭ്യന്തര ക്രിക്കറ്റായ വിജയ് ഹസാരെ ട്രോഫിയിൽ കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും 2027 ലോകകപ്പ് കളിക്കണമെന്നുണ്ടെങ്കിൽ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് കുറഞ്ഞത് മൂന്നോ നാലോ വിജയ് ഹസാരെ ട്രോഫി മത്സരങ്ങളിൽ പങ്കെടുക്കണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വിശാഖപട്ടണത്ത് ഡിസംബർ ആറിന് നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഏകദിനത്തിനും വഡോദരയിൽ ജനുവരി 11ന് നടക്കുന്ന ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിനും ഇടയിൽ അഞ്ച് ആഴ്ചത്തെ ഇടവേളയുണ്ട്. ഈ സമയത്ത് ഡൽഹിക്കും മുംബയ്ക്കും വിജയ് ഹസാരെ ട്രോഫിയിൽ ആറ് റൗണ്ട് മത്സരങ്ങളുണ്ട്. ഡിസംബർ 24നാണ് വിജയ് ഹസാരെ ട്രോഫി ആരംഭിക്കുന്നത്. ഈ ടൂർണമെന്റ് ഇരുവരും കളിക്കുമെന്നാണ് സെലക്ടർമാർ പ്രതീക്ഷിക്കുന്നത്. ഫിറ്റ്‌നസുള്ള എല്ലാ താരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറുടെ നയത്തിന് അനുസൃതമാണിത്.
ഇരുവരും ഫോം നിലനിർത്താൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതുണ്ടെന്ന് മുമ്പ് ആർ അശ്വിനും തന്റെ യൂട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടിരുന്നു. 50 ഓവർ മത്സരങ്ങൾ അധികം ലഭിക്കാത്ത സാഹചര്യത്തിൽ ഇന്ത്യ എ ടീമിനൊപ്പം കളിക്കാൻ ആവശ്യപ്പെടാമായിരുന്നുവെന്നും കളിക്കുന്നില്ലെങ്കിൽ ഭാവി മത്സരങ്ങളിൽ താരങ്ങളെ ഉൾപ്പെടുത്തില്ലെന്ന് പറയേണ്ടിവരുമെന്നും അശ്വിൻ സൂചിപ്പിച്ചു.