kavya

മലയാളികളുടെ ഇഷ്‌ടതാരജോടികളാണ് ദിലീപും കാവ്യാമാധവനും. 2016 നവംബ‌ർ 25നാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിവാഹശേഷം കാവ്യ സിനിമയിൽ സജീവമല്ലായിരുന്നു. ഇതിനെ തുടർന്ന് വിവിധ തരത്തിലുളള ഗോസിപ്പുകളും ഉയർന്നിരുന്നു. സിനിമയിൽ നിന്ന് കാവ്യ വിട്ടുനിൽക്കുന്നതിനുപിന്നിൽ ദിലീപാണെന്നായിരുന്നു പലരുടെയും ഊഹാപോഹങ്ങൾ. ഇപ്പോഴിതാ അത്തരം തെറ്റായധാരണൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കാവ്യാ മാധവൻ. ദിലീപ് പങ്കെടുക്കേണ്ടിയിരുന്ന ഒരു ചടങ്ങിൽ സംസാരിക്കുന്നതിനിടയിലാണ് കാവ്യ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തിയത്.

'ദിലീപേട്ടൻ പങ്കെടുക്കേണ്ട ഒരു ചടങ്ങായിരുന്നു ഇത്. അദ്ദേഹത്തിന് വരാൻ സാധിച്ചില്ല. അദ്ദേഹത്തിന് അപ്രതീക്ഷിതമായി യുകെയിലേക്ക് പോകേണ്ടി വന്നു. ഹരിയേട്ടൻ വളരെ വേണ്ടപ്പെട്ട ആളാണ്, പോകാതിരിക്കാൻ പറ്റില്ല അതുകൊണ്ട് നീ എങ്കിലും പോകണമെന്ന് ദിലീപേട്ടൻ പറഞ്ഞു. അതുകൊണ്ടാണ് ഞാൻ ഇന്ന് ഇവിടെ വന്നിട്ടുള്ളത്.

ഒരിക്കലും ദിലീപേട്ടനല്ല എന്നെ വീട്ടിൽ നിർത്തിയിട്ടുളളത്. അത് എന്റെ അഭിപ്രായം തന്നെ ആയിരുന്നു. എനിക്കു മോളെ ഒക്കെ നോക്കി ആ ഒരു കാലഘട്ടം നേരിട്ട് എക്സ്പീരിയൻസ് ചെയ്യണമെന്നുണ്ടായിരുന്നു. അതിനു വേണ്ടിയിട്ടാണ് ഞാൻ ബ്രേക്ക് എടുത്തത്. എല്ലാവർക്കും എല്ലാവിധത്തിലുമുള്ള സന്തോഷവും സമാധാനവും നന്മകളും നേരുന്നു. ഒരിക്കൽ കൂടി ഈ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിലുള്ള നന്ദി അറിയിക്കുന്നു'- കാവ്യ പറഞ്ഞു.

ആദ്യ ഭാര്യ മഞ്ജു വാര്യരെ പോലെ ദിലീപ് തന്റെ രണ്ടാമത്തെ ഭാര്യ കാവ്യയെയും സിനിമയിൽ നിന്ന് അകറ്റി നിർത്തിയിരിക്കുകയാണെന്ന തരത്തിലുളള മോശം കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വന്നുനിറഞ്ഞത്. ഇത്തരം കമന്റുകൾക്ക് മറുപടിയായാണ് കാവ്യ ഇപ്പോൾ മൗനം ഭേദിച്ചിരിക്കുന്നത്. അതേസമയം കാവ്യയുടെ സിനിമയിലേക്കുളള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. പുതിയ സിനിമ എപ്പോഴാണെന്നാണ് കാവ്യയുടെ ഫാൻസ് പേജിലൂടെ ആരാധകർ ചോദിക്കുന്നത്.