
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളിയിൽ നിന്ന് 475 ഗ്രാമോളം സ്വർണം കാണാതായിട്ടുണ്ടെന്ന് ഹൈക്കോടതി. കേസെടുത്ത് അന്വേഷിക്കാനും കോടതി നിർദ്ദേശിച്ചു. വിജിലൻസ് കണ്ടെത്തലുകളിൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ സംസ്ഥാനപൊലീസ് മേധാവിയെ കക്ഷിചേർക്കുകയും ചെയ്തു. സ്വർണപ്പാളി വിവാദത്തെക്കുറിച്ച് അന്വേഷിച്ച ദേവസ്വം വിജിലൻസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് പരിഗണിച്ചശേഷമായിരുന്നു കോടതി നടപടി.
ദേവസ്വം വിജിലൻസ് ഓഫീസറുടെ റിപ്പോർട്ട് ഇന്നുതന്നെ ദേവസ്വം ബോർഡിന് കൈമാറാനും കോടതി നിർദേശിച്ചു. ബോർഡ് ഇത് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറണം. തുടർന്ന് പൊലീസ് മേധാവിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകണം പ്രത്യേക അന്വേഷണ സംഘം(എസ് ഐ ടി) കേസ് രജസ്റ്റർചെയ്ത് അന്വേഷണം ആരംഭിക്കേണ്ടത്. ദ്വാരപാലക ശില്പങ്ങളിലെ ചെമ്പുപാളികൾക്ക് പുറമേ ലിന്റൽ, വശങ്ങളിലെ ഫ്രെയിമുകൾ എന്നിവയിൽ സ്വർണം പൂശിയതിൽ ക്രമക്കേടുണ്ടോ എന്ന് എസ് ഐ ടിക്ക് പരിശോധിക്കാം എന്നും കോടതി പറഞ്ഞു.
ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളി നഷ്ടമായ സംഭവത്തിൽ അഞ്ചംഗ അന്വേഷണസംഘം രൂപീകരിച്ച് ഇന്നലെയാണ് സർക്കാർ ഉത്തരവിറക്കിയത്. ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ തൃശൂർ പൊലീസ് അക്കാഡമിയിലെ അസി. ഡയറക്ടർ എസ്. ശശിധരന്റെ നേതൃത്വത്തിലാണ് സംഘം.മേൽനോട്ടത്തിന് ക്രൈംബ്രാഞ്ച്, ക്രമസമാധാന എ.ഡി.ജി.പി എച്ച്. വെങ്കടേശിനെ കോടതി നിർദ്ദേശിച്ചിരുന്നു. പിന്നാലെയാണ് അന്വേഷണ സംഘം രൂപീകരിച്ച് ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉത്തരവിറക്കിയത്.
കോട്ടയം വാകത്താനം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ അനീഷ്, തൃശൂർ കയ്പ്പമംഗലം ഇൻസ്പെക്ടർ ബിജു രാധാകൃഷ്ണൻ, തൈക്കാട് സൈബർ പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ സുനിൽ കുമാർ എന്നിവരാണ് സംഘത്തിലുള്ളത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചതെന്ന് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.