
സ്റ്റോക്ക്ഹോം: 2025ലെ സമാധാനത്തിനുളള നോബൽ പുരസ്‌കാരം സാമൂഹിക പ്രവർത്തകയും രാഷ്ട്രീയ നേതാവുമായ മരിയ കൊറിന മച്ചാഡോയ്ക്ക്. വെനസ്വേലയിലെ ജനങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ച വനിതയാണ് മരിയ കൊറിന മച്ചാഡോ. നിലവിൽ വെനസ്വേലയിലെ പ്രതിപക്ഷനേതാവാണ്. ജനാധിപത്യ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നതുകൊണ്ട് മരിയ കൊറിന മച്ചാഡോയെ വെനസ്വേലയിലെ ഉരുക്കു വനിതയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ടൈം മാഗസിന്റെ '2025 ലെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളുടെ' പട്ടികയിൽ ഇടം നേടിയ വനിത കൂടിയാണ് മരിയ.
ജീവന് ഭീഷണികൾ നേരിടുന്നതിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി മരിയ പൊതുപരിപാടികളിൽ പങ്കെടുക്കുന്നില്ല. എന്നിട്ടും അവരുടെ മുഴുവൻ പരിശ്രമവും വെനസ്വേലയിലെ ജനങ്ങൾക്ക് പ്രചോദനം നൽകുകയാണെന്ന് നോർവീജിയൻ നോബൽ കമ്മിറ്റി ചെയർമാൻ ജോർഗൻ വാട്നെ ഫ്രൈഡ്നെസ് പ്രഖ്യാപനത്തിനിടെ പറഞ്ഞു.
1967 ഒക്ടോബർ ഏഴിന് കാരക്കാസിൽ ജനിച്ച മരിയ, മനശാസ്ത്രജ്ഞയായ കൊറീന പാരിസ്കയുടെയും ബിസിനസുകാരനായ ഹെൻറിക് മച്ചാഡോ സുലോഗയുടെയും മൂത്ത മകളാണ്. രാഷ്ട്രീയ പ്രവർത്തകയെന്നതിലുപരി എഞ്ചിനീയർ, മനുഷ്യാവകാശ അഭിഭാഷക എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്. ആൻഡ്രസ് ബെല്ലോ കാത്തലിക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ ബിരുദവും കാരക്കാസിലെ ഇൻസ്റ്റിറ്റ്യൂട്ടോ ഡി എസ്റ്റുഡിയോസ് സുപ്പീരിയേഴ്‌സ് ഡി അഡ്മിനിസ്ട്രേഷൻ (ഐഇഎസ്എ)യിൽ നിന്ന് ധനകാര്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതീക്ഷകളെ തകർത്തുകൊണ്ടാണ് സമാധാനത്തിനുളള നോബൽ പുരസ്കാര പ്രഖ്യാപനം നടന്നത്. ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചെന്ന അവകാശവാദവുമായി ട്രംപും അനുയായികളും രംഗത്തെത്തിയതോടെയാണ് ഇത്തവണത്തെ സമാധാന നോബലിലെ ആകാംക്ഷ വർദ്ധിച്ചത്. എന്നാൽ 2025 ജനുവരി വരെയുള്ള കാലയളവാണ് പ്രധാനമായും വിലയിരുത്തകയെന്നതിനാൽ ട്രംപിന് ഇക്കുറി നോബൽ കിട്ടാനുള്ള സാദ്ധ്യത കുറവാണെന്ന നിരീക്ഷണവും ഉണ്ടായിരുന്നു.