paliyekkara-toll-booth

തൃശ്ശൂർ: പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. ഹർജി ചൊവാഴ്ചത്തേക്ക് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ തവണ കളക്ടർ നൽകിയ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ടോൾ പിരിവ് നീട്ടിവച്ചത്. ടോൾ പിരിവ് പുനരാരംഭിക്കണമെന്നാണ് ഇന്നും ദേശീയ പാത അതോറിട്ടി ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ കോടതി തയ്യാറായില്ല. കാരണം നേരത്തെ പാലിയേക്കര ടോൾ പിരിവ് വർദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട് ചില വിശദീകരണങ്ങൾ കോടതി കേന്ദ്രസർക്കാരിനോടും ദേശീയ പാത അതോറിട്ടിയോടും ചോദിച്ചിരുന്നു.

ടോൾ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കോടതി ചോദിച്ചത്. റോഡ് അത്ര നല്ല രീതിയിലല്ലാത്തതിനാൽ വലിയ രീതിയിലുള്ള ഗതാഗത കുരുക്കും യാത്രാ ദുരിതവുമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ ടോൾ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ചായിരുന്നു കേന്ദ്ര സർ‌ക്കാരിനോട് കോടതി ആരാഞ്ഞത്. എന്നാൽ വിശദീകരണത്തിനുള്ള മറുപടി നൽകാൻ കേന്ദ്ര സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ടോൾ പിരിവ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കോടതിയിൽ നിന്ന് ഉണ്ടാകാത്തത്. അടുത്ത ചൊവാഴ്ച വിഷയം വീണ്ടും കോടതി പരിഗണിക്കും. അതുവരെ ടോൾ വിലക്ക് പുനരാരംഭിക്കേണ്ടതില്ലെന്നാണ് കോടതിയുടെ തീരുമാനം.